ചലച്ചിത്രം

ഇതാണോ ഒറിജിനല്‍ ക്രിസ്റ്റഫര്‍? മമ്മുട്ടി സിനിമയുടെ പ്രചോദനം വിസി സജ്ജനാർ ഐപിഎസിന്റെ ജീവിതമോ?

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ ഇന്നലെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തിയ ഇൻവെസ്റ്റി​ഗേറ്റീവ് ത്രില്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതമാണ് ക്രിസ്റ്റഫറെന്ന് മമ്മൂട്ടി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇപ്പോൾ ഇതുസംബന്ധിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 

തെലങ്കാനയിലെ വിസി സജ്ജനാർ ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതമാണ് ക്രിസ്റ്റഫർ എന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. സജ്ജനാർക്കൊപ്പമുള്ള ഉണ്ണി കൃഷ്ണന്റെ ഫോട്ടോ പുറത്തുവന്നതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രവുമായി ഏറെ സാമ്യമുള്ളതാണ് സജ്ജനാറുടെ പൊലീസ് ജീവിതം എന്നതു തന്നെയാണ് സംശയങ്ങൾക്ക് കാരണം. 

ക്രൂര കുറ്റകൃത്യങ്ങൾ നടത്തി പിടിയിലാവുന്ന പ്രതികളെ എൻകൗണ്ടർ ചെയ്ത് വാർത്തകളില്‍ ഇടം നേടിയ പൊലീസ് ഉദ്യോ​ഗസ്ഥനാണ് സജ്ജനാർ. ഹൈദരാബാദിലെ യുവ ഡോക്ടറെ കൂട്ടബലാത്സ​ഗത്തിന് ഇരയാക്കി കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ എൻകൗണ്ടർ ഏറെ വിവാദമായിരുന്നു.  

2019 നവംബറിൽ ഇരുചക്ര വാഹനം കേടായതിനെത്തുടർന്ന് രാത്രി വഴിയിൽ ഒറ്റപ്പെട്ടു പോയ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും മൃതദേഹം അ​ഗ്നിക്കിരയാക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതികളായ നാലു പേരും പൊലീസുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു എന്ന വാർത്തകളാണ് പുറത്തുവന്നത്. ആ കേസിന്റെ അന്വേഷണം സൈബരാബാദ് മെട്രോപൊലീറ്റന്‍ പൊലീസ് കമ്മിഷണറായിരുന്ന വി.സി. സജ്ജനാറിനായിരുന്നു. ആത്മരക്ഷക്കായാണ് പൊലീസ് വെടിവെച്ചത് എന്നാണ് സജ്ജനാർ മാധ്യമങ്ങളോട് പറഞ്ഞത്. 

2008 ഡിസംബറിൽ വാറങ്കൽ എസ്പിയായിരിക്കെ 2 എൻജിനീയറിങ് വിദ്യാർഥിനികൾക്കുനേരെ ആസിഡ് ആക്രമണം നടത്തിയ  3 യുവാക്കളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവവും സജ്ജനാരെ വാർത്തകളിൽ നിറച്ചിരുന്നു. നിലവില്‍ സൈബരാബാദ് പോലീസ് കമ്മീഷണറാണ് വിസി സജ്ജനാര്‍ ഐപിഎസ്. മമ്മൂട്ടിയുടെ ക്രിസ്റ്റഫറെ പോലെ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കും ക്ഷേമത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിയാണ്.

പൊലീസ് 'വിജിലന്റിസം' പ്രമേയമാക്കിയാണ് ക്രിസ്റ്റഫര്‍ ഒരുക്കിയിരിക്കുന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളില്‍ പിടികൂടുന്ന പ്രതികളെ ഉറപ്പില്ലാത്ത നീതിക്കായി കോടതികള്‍ക്ക് മുന്നില്‍ ദശാബ്ദങ്ങള്‍ കാത്തുകെട്ടികിടക്കാന്‍ തയ്യാറല്ലാത്ത പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന ബോധ്യത്തില്‍ ക്രിസ്റ്റഫര്‍ തന്നെ നിയമം കയ്യിലെടുക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്