ദേശീയം

വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ശ്രദ്ധിക്കുക; ഗ്രൂപ്പ് അംഗം വ്യാജ സന്ദേശം അയച്ചാല്‍ അഡ്മിന്‍ ജയിലിലാകും

സമകാലിക മലയാളം ഡെസ്ക്

വാരണാസി: വാട്‌സ് ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ ശ്രദ്ധിക്കുക. വ്യാജ വാര്‍ത്തയോ അഭ്യൂഹമോ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചാല്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വ്യാജ വാര്‍ത്തകളും, മോര്‍ഫ് ചെയ്ത് ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് കൂടാതെ, സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിനും ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. 

വാരണാസി ഡിസ്ട്രിക് മജിസ്‌ട്രേറ്റ് യോഗേശ്വര്‍ രാം മിശ്രയും മുതിര്‍ന്ന പൊലീസ് മേധാവി നിതിന്‍ തിവാരിയും സംയുക്തമായിറക്കിയ ഉത്തരവിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് വ്യക്തമാക്കുന്നത്. 

ഗ്രൂപ്പ് അഡ്മിന് നേരിട്ട് അറിയാവുന്ന വ്യക്തികളെ മാത്രമെ ഗ്രൂപ്പില്‍ അംഗങ്ങളാക്കാന്‍ പാടുള്ളു എന്നും ഉത്തരവില്‍ പറയുന്നു. ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം മതസ്പര്‍ദ്ധ സൃഷ്ടിക്കുന്ന രീതിയിലോ, അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന രീതിയിലോ ഉള്ള സന്ദേശങ്ങള്‍ അയച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കായിരിക്കും. 

വ്യാജ സന്ദേശങ്ങളോ, ചിത്രങ്ങളോ, വീഡിയോകളോ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് മാറ്റുന്നതിനുള്ള  ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കാണ്. ഇതില്‍ വീഴ്ച വരുത്തിയാലാണ് അഡ്മിന്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക. വ്യാജ സന്ദേശം അയച്ച ഗ്രൂപ്പിലെ അംഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

ഈ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരവും, ഇന്‍ഫോര്‍മേഷന്‍ ആക്ടും, ഐപിസി വകുപ്പ് പ്രകാരവും കേസെടുക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്