ദേശീയം

തെറ്റായ മാധ്യമറിപ്പോര്‍ട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ വിലപ്പെട്ട നാലുമണിക്കൂര്‍ നഷ്ടപ്പെടുത്തി : കോസ്റ്റ് ഗാര്‍ഡ്‌

സമകാലിക മലയാളം ഡെസ്ക്

ഓഖി ചുഴലിക്കാറ്റിനെതുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ തെറ്റായ മാധ്യമറിപ്പോര്‍ട്ടുകള്‍ വഴിതെറ്റിച്ചെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ കേരളം-മാഹി ഡിസ്ട്രിക്ട് കമാന്‍ഡര്‍ ഡിഐജി നീരജ് തിവാരി. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണ് ഉള്ളതെന്നും അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തയുടെ കൃത്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും നീരജ് തിവാരി പറഞ്ഞു. ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടങ്ങിപോയ 60 പേരെ സിങ്കപ്പൂരില്‍ നിന്ന് കാണ്ട്‌ല തുറമുഖത്തേക്കുപോയ ജപ്പാന്‍ ചരക്കുകപ്പല്‍ രക്ഷപ്പെടുത്തിയെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് കപ്പല്‍ കണ്ടെത്തി മത്സ്യതൊഴിലാളികളെ ഏറ്റുവാങ്ങാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍ നാല് മണിക്കൂര്‍ ചെലവാക്കിയപ്പോഴാണ് വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടത്. 

ബോട്ടുകള്‍ കരയ്‌ക്കെത്തിച്ചില്ല, തൊഴിലാളികളെ തിരച്ചിന് ഒപ്പം കൂട്ടിയില്ല, തീരത്തോടടുത്ത പ്രദേശങ്ങളില്‍ താത്പര്യം കാണിച്ചില്ല തുടങ്ങിയ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇത്തരമൊരു അവസ്ഥയില്‍ നില്‍ക്കുമ്പോഴുള്ള അവരുടെ വികാരമാണ് പ്രകടിപ്പിക്കുന്നതെന്ന് മാനസിലാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര സന്ദര്‍ഭങ്ങളില്‍ ബോട്ടിനെക്കാള്‍ ജീവന് പ്രാധാന്യം നല്‍കേണ്ടിവന്നിട്ടുണ്ടെന്നും തൊഴിലാളികളെ രക്ഷപെടുത്തി എന്നുറപ്പിച്ച സാഹചര്യങ്ങളില്‍ ബോട്ടുകള്‍ കരയ്‌ക്കെത്തിച്ച സംഭവങ്ങളും ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള അവസരങ്ങളില്‍ ഇത്തരത്തിലൊരു നടപടിയായിരിക്കും മുന്നോട്ടും സ്വീകരിക്കുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യ രണ്ട് ദിനങ്ങളില്‍ തൊഴിലാളികളെ ഒപ്പം കൂട്ടാതിരുന്നത് ഈ ദിവസങ്ങളില്‍ ശാസ്ത്രീയ വിവരങ്ങള്‍ ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍ എന്നതുകൊണ്ടായിരുന്നെന്നും പിന്നീടുള്ള ദിവസങ്ങളില്‍ ഇവരെയും കൂട്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിവസങ്ങളില്‍ തൊഴിലാളികളെ പങ്കാളികളാക്കിയിരുന്നെങ്കില്‍ വിരുദ്ധാഭിപ്രായങ്ങള്‍ രൂപപ്പെടുന്നതിനും ക്രമസമാധാനം തകരുന്നതിനും മാത്രമേ ഇത് സഹായിക്കുമായിരുന്നൊള്ളും എന്നും നീരജ് തിവാരി പറഞ്ഞു. 

തീരത്തോടടുത്ത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകള്‍ പര്യാപ്തമല്ല എന്നതുകൊണ്ടും ഈ പ്രദേശങ്ങളില്‍ അകപ്പെട്ടവര്‍ക്ക് രക്ഷപെടാനുള്ള സാഹചര്യങ്ങള്‍ ഉണ്ടെന്നതുകൊണ്ടുമാണ് ഇവിടേക്ക് രക്ഷാപ്രവര്‍ത്തനം വ്യാപിപ്പിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം വന്നയുടന്‍ രക്ഷാപ്രവര്‍ത്തനത്തിനായുള്ള സജ്ജീകരണങ്ങള്‍ ആരംഭിച്ചിരുന്നെന്നും കടലിലെ സ്ഥിതിയും കാറ്റിന്റെ ദിശയും പ്രതികൂലമായത് വെല്ലുവിളി ഉയര്‍ത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ