ദേശീയം

ശവപറമ്പിലെ മരം മുറിച്ചു കടത്തുന്നത് ചോദ്യം ചെയ്ത മുസ്‌ലിം കുടുംബത്തെ വീടുകയറി അക്രമിച്ച് ബിജെപി നേതാവ്; മതഗ്രന്ഥങ്ങള്‍ കീറിയെറിഞ്ഞതായി പരാതി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പരദേശില്‍ മുസ്‌ലിം കുടുംബത്തിന്റെ വീട് ആക്രമിച്ച് മതഗ്രന്ഥങ്ങള്‍ കീറിയെറിഞ്ഞ ബിജെപി നേതാവിനും കൂട്ടാളികള്‍ക്കും എതിരെ പൊലീസ് കേസ്. ബാബൂ രാജാ എന്നറിയപ്പെടുന്ന ആനന്ദ് ഭൂഷണ്‍ സിങിനും കൂട്ടാളികള്‍ക്കുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മുന്‍ അംഗമാണ് ആനന്ദ് ഭൂഷണ്‍ സിങ്.  പ്രദേശവാസിയായ സയ്യദ് അഹമ്മദ് എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ശ്മശാനഭൂമിയിലെ മരങ്ങള്‍ വെട്ടുന്നതിനെ എതിര്‍ത്തതിനാണ് അക്രമത്തിന് കാരണമെന്ന് സയ്യിദ് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതാപ്ഗര്‍ഹ് ജില്ലയിലെ ലാല്‍ഗഞ്ചിലുള്ള ശ്മശാനഭൂമിയിലെ മരങ്ങളാണ് ബിജെപി നേതാവും സംഘവും അനധികൃതമായി മുറിച്ചുകടത്താന്‍ ശ്രമിച്ചത്. ഇതിനെ ചൊല്ലി സയ്യദും ആനന്ദ് ഭൂഷണ്‍ സിങും തമ്മില്‍ നേരത്തേ തര്‍ക്കമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 21ന് സംഘം വീട് ആക്രമിച്ചെന്നാണ് സയ്യദിന്റെ പരാതിയില്‍ ആരോപിക്കുന്നത്.

തോക്ക് അടക്കമുള്ള ആയുധങ്ങളുമായാണ് സംഘം വീടാക്രമിച്ചതെന്ന് സയ്യദ് പറയുന്നു. വീട് കൊള്ളയടിച്ചെന്നും മതഗ്രന്ഥങ്ങള്‍ കീറിയെറിഞ്ഞെന്നും പരാതിയില്‍ പറയുന്നു. 

പരാതിയുടെ അടിസ്ഥാനത്തില്‍ ആനന്ദ് ഭൂഷണ്‍ സിങിനും 25 ബിജെപി പ്രവര്‍ത്തകര്‍ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്ഥലം ഇന്‍സ്‌പെക്ടര്‍ സുരേഷ് ചന്ദ് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനാണ് കേസ് കൊടുത്തത് എന്നാണ് ബിജെപി നേതാക്കളുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്