ദേശീയം

ആര്‍എസ്എസ് തീ കൊണ്ട് കളിക്കുന്നു; മോഹന്‍ ഭഗവതിന് ഒവൈസിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിനെതിരെ എഐഎംഐഎം പ്രസിഡന്റ് അസാദുദ്ദീന്‍ ഒവൈസി രംഗത്ത്. ആര്‍എസ്എസ് തീ ക്കൊണ്ടാണ് കളിക്കുന്നതെന്ന് ഒവൈസി കുറ്റപ്പെടുത്തി.

രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് ബിജെപിയും ആര്‍എസുഎസും സൃഷ്ടിക്കുന്നത്. അയോധ്യ തര്‍ക്ക വിഷയത്തില്‍ വാദം ആരംഭിക്കുന്നതിന് മുന്‍പായി ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ സുപ്രീം കോടതി ഗൗരവത്തോടെ കാണുമെന്ന് അദ്ദേഹം പറഞ്ഞു.  സുപ്രീം കോടതിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ആര്‍എസ്എസ് മേധാവി ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നതെന്നും ഒവൈസി പറഞ്ഞു. 

അയോധ്യയിലെ രാമജന്മ ഭൂമിയില്‍ രാമക്ഷേത്രം മാത്രമേ പണിയൂവെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.  കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിഎച്ച്പിയുടെ ധര്‍മ സന്‍സദ് ചടങ്ങില്‍ വെച്ചായിരുന്നു ഭഗവതിന്റെ വിവാദ പ്രസംഗം. അവിടെ വച്ചിരിക്കുന്ന കല്ലുകള്‍ കൊണ്ടായിരിക്കും ക്ഷേത്രം പണിയുക. മറ്റൊന്നും അവിടെയുണ്ടാകില്ല. ക്ഷേത്രത്തിനു മുകളില്‍ കാവിക്കൊടി പാറുന്ന ദിവസത്തിനായി അധിക നാള്‍ കാത്തിരിക്കേണ്ടതില്ലെന്നും അ്‌ദ്ദേഹം പറഞ്ഞു.

ക്ഷേത്രം നിര്‍മ്മിക്കുമെന്നത് ഒരു പ്രഖ്യാപനം മാത്രമല്ല, നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അതില്‍ മാറ്റമില്ല. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളുടെയും ത്യാഗങ്ങളുടെയും കാലഘട്ടത്തിനുശേഷം അതു സാധ്യമാകുന്നതിന്റെ അരികിലാണ് നമ്മള്‍. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.എങ്ങനെയാണോ ക്ഷേത്രം നിലനിന്നിരുന്നത് അതേ ഗാംഭീര്യത്തോടെ അവിടെ പുതിയ ക്ഷേത്രം പണിയും. രാമജന്മഭൂമി പ്രസ്ഥാനത്തിനായി 25 വര്‍ഷമായി ജീവിതം ഉഴിഞ്ഞുവച്ചവരുടെ മാര്‍ഗ നിര്‍ദേശ പ്രകാരമായിരിക്കും അത്. എന്നാല്‍ അതിനുമുന്‍പു പൊതുബോധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. നമ്മള്‍ നമ്മുടെ ലക്ഷ്യത്തിലേക്ക് അടുത്തിരിക്കുകയാണ്. ഇവിടെ പതിവിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്