ദേശീയം

പഴയ വിമതന്‍ 'രണ്ടില' ചിഹ്നത്തില്‍; ആര്‍ കെ നഗറില്‍ പോരാട്ട ചിത്രം തെളിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മല്‍സര ചിത്രം തെളിഞ്ഞു. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് ചിത്രം തെളിഞ്ഞത്. ചെന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എഐഎഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. ഒ പനീര്‍ശെല്‍വം പക്ഷത്തെ പ്രമുഖനാണ് മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ഇ മധുസൂദനന്‍. 

ഒപിഎസ് പക്ഷം മധുസൂദനനെ നിര്‍ദേശിച്ചപ്പോള്‍, മലയാളി കൂടിയായ ബാലഗംഗ അടക്കം ചില പുതുമുഖങ്ങളെയാണ് പളനിസാമി പക്ഷം ഉയര്‍ത്തിക്കാട്ടിയത്. സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഒപിഎസ്-ഇപിഎസ് പക്ഷങ്ങല്‍ തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചത്തെ യോഗത്തില്‍ തീരുമാനം എടുക്കാനായിരുന്നില്ല. ഇന്നു ചേര്‍ന്ന യോഗത്തിലും പാര്‍ട്ടിയെ മുതിര്‍ന്ന നേതാവായ മധുസൂദനന് വേണ്ടി ഒപിഎസ് വിഭാഗം ശക്തമായി വാദിച്ചു. മുന്‍ എംഎല്‍എ കൂടിയായ മധുസൂദനനനാണ് വിജയസാധ്യതയെന്നും ഒപിഎസ് ക്യാംപ് അഭിപ്രായപ്പെട്ടു. 

യോഗം വാക്കുതര്‍ക്കങ്ങളിലേക്ക് പോയപ്പോള്‍ മുഖ്യമന്ത്രി പളനിസാമി ഇടപെടുകയും, ജില്ലാ നേതാക്കളുടെ കൂടി അഭിപ്രായം അറിഞ്ഞശേഷം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുകയായിരുന്നു. മധുസൂദനന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയില്‍ പനീര്‍ശെല്‍വം പക്ഷത്തിന്റെ വിജയമായാണ് കണക്കാക്കപ്പെടുന്നത്. എംജിആര്‍ ജന്മശദാബ്ദി ചടങ്ങിലേക്ക് ക്ഷണഇക്കാതിരുന്നതിനെ തുടര്‍ന്ന് പളനിസാമിയും പനീര്‍ശെല്‍വവും ഇടഞ്ഞുനില്‍ക്കുകയായിരുന്നു. 

അതേസമയം എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ വിമതനായി മല്‍സരിക്കുമെന്ന് മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന ശശികലയെ സന്ദര്‍ശിച്ച ശേഷമാണ് ദിനകരന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ അന്തിരവന്‍ കൂടിയാണ് ടിടിവി ദിനകരന്‍. ജില്ലയിലെ യുവനേതാവ് മരുതുഗണേഷാണ് ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. 

ഡിസംബര്‍ 21 നാണ് ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിലില്‍ നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് വോട്ടിന് കോഴ ആരോപണത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. അന്ന് ടിടിവി ദിനകരനായിരുന്നു എഐഎഡിഎംകെയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. അന്ന് പാര്‍ട്ടി വിമത സ്ഥാനാര്‍ത്ഥിയായിരുന്നു പനീല്‍ശെല്‍വം പക്ഷത്തിന്റെ പ്രമുഖനായ ഇ മധുസൂദനന്‍. അന്നത്തെ വിമതന്‍ ഇന്ന് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായപ്പോള്‍, സ്ഥാനാര്‍ത്ഥിയായിരുന്ന ആള്‍ വിമതനുമായി എന്ന പ്രത്യേകതയും ആര്‍കെ നഗര്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി