ദേശീയം

മോദിയുടെ പ്രസംഗം തത്സമയം കോളജുകളില്‍ സംപ്രേഷണം ചെയ്യില്ലെന്ന് മമത; കലാലയങ്ങളെ കാവിവത്കരിക്കാന്‍ അനുവദിക്കില്ല 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തത്സമയം കോളജുകളില്‍ സംപ്രേഷണം ചെയ്യണമെന്ന യുജിസി നിര്‍ദേശം തള്ളി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. കലാലയങ്ങളെ കാവി വത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ല എന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാട്. സംസ്ഥാന
സര്‍ക്കാരിന് കീഴിലുള്ള എല്ലാ കോളജുകളോടും സര്‍വ്വകലാശാലകളോടും യുജിസി ഉത്തരവ് നടപ്പാക്കേണ്ടെന്ന് ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ചിക്കാഗോയിലെ ലോക പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ പ്രഭാഷണം നടത്തിയതിന്റെ 125ാം വാര്‍ഷികത്തിനോടനുബന്ധിച്ച് മോദി നടത്തുന്ന പ്രസംഗം തത്സമയം സര്‍വകലാശാലകളിലും കോളേജിലും സംപ്രേഷണം ചെയ്യണമെന്നാണ് യുജിസി നിര്‍ദേശം.40,000 കോളജുകള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യണം എന്നാവശ്യപ്പെട്ട് യുജിസി കത്ത് നല്‍കിയിട്ടുണ്ട്. 

ഉത്തരവാദിത്തപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ കേന്ദ്ര സര്‍ക്കാരിന് ഇത്തരം തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്ന് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പ്രതികരിച്ചു. വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ശ്രമമാണ് ഈ നീക്കത്തിനു പിന്നിലെന്നും പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ദേശസ്‌നേഹം വളര്‍ത്തുന്ന പരിപാടികള്‍ സ്‌കൂളുകളില്‍ നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശവും മമത സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. കേന്ദ്ര ഉത്തരവ് നടപ്പാക്കേണ്ടെന്ന് മമത അന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പ്രധാനമന്ത്രിയുടെ നവഭാരത സങ്കല്‍പ്പം സാക്ഷാത്കക്കും എന്ന തരത്തിലുള്ള പ്രതിജ്ഞ സ്‌കൂളുകളില്‍ കുട്ടികളെക്കൊണ്ട്എടുപ്പിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നത്.ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിക്ക് സര്‍ക്കാര്‍ ആഡിറ്റോറിയം വിട്ടു നല്‍കില്ലായെന്നും ബംഗാള്‍ ഗവണ്‍മെന്റ് നിലപാട് സ്വീകരിച്ചിരുന്നു. 

കേന്ദ്രസര്‍ക്കാരുമായും ബിജെപിയുമായും തുറന്ന പോരിന് ഇറങ്ങിപ്പുറപ്പെട്ട മമത ബാനര്‍ജി കേന്ദ്രവുമായി ഒരുവിധ ഒത്തുതീര്‍പ്പിനും തയ്യാറല്ല എന്ന കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്