ദേശീയം

ഗോ രക്ഷകര്‍ കൊലപ്പെടുത്തിയ പെഹ് ലു ഖാന്‍ സുഭാഷ് ചന്ദ്രബോസ് ഒന്നുമല്ലല്ലോ? സാമൂഹിക പ്രവര്‍ത്തകരെ തടഞ്ഞ് ഹിന്ദുത്വ സംഘടനകള്‍

സമകാലിക മലയാളം ഡെസ്ക്

ഗോരക്ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ് ലു ഖാനെന്ന കര്‍ഷകന് ആദരവ് അര്‍പ്പിക്കാനെത്തിയ സാമൂഹിക പ്രവര്‍ത്തകരെ തടഞ്ഞ് സ്ഥലത്തെ ഹിന്ദുത്വ സംഘടനകള്‍. രാജസ്ഥാനിലെ ബെഹ്‌റോ എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു നാടകീയമായ സംഭവങ്ങള്‍. 

കാര്‍വന്‍ ഇ മൊഹബത്ത് എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ്  പെഹ് ലു ഖാന്റെ ശവകുടീരം സന്ദര്‍ശിക്കാനായി എത്തിയത്. എന്നാല്‍ ഭാരത് മാതാകിയും, വന്ദേ മാതരവും വിളിച്ച ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടയുകയായിരുന്നു. 

പെഹ് ലു ഖാന് ആദരവ് അര്‍പ്പിക്കാന്‍ അനുവദിക്കില്ല, അയാള്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ആണോ? അതോ അതിര്‍ത്തിയില്‍ പോരാടുന്ന പട്ടാളക്കാരനായിരുന്നോ ആദരവ് അര്‍പ്പിക്കാന്‍ എന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ സന്ദര്‍ശനത്തെ എതിര്‍ത്ത ഹിന്ദുത്വ പ്രവര്‍ത്തകര്‍ ചോദിച്ചത്. 

ഈ വര്‍ഷം എപ്രിലിലായിരുന്നു പെഹ് ലു ഖാനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പാശുക്കളെ വളര്‍ത്തി, അവയുടെ പാല്‍ കറന്ന് വിറ്റായിരുന്നു പെഹ് ലു ഖാന്‍ ഉപജീവനം നടത്തിയിരുന്നത്. എന്നാല്‍ ആക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ രാജസ്ഥാന്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നതോടെ വീണ്ടും ശക്തമായ പ്രതിഷേധം ഉയരുകയായിരുന്നു. 

ദളിത്, മുസ്ലീം വിഭാഗങ്ങളെ ലക്ഷ്യം വെച്ചാണ് ഗോ സംരക്ഷകര്‍ ആക്രമണം നടത്തുന്നതെന്ന വാദം രാജ്യത്ത് ശക്തമായത് പെഹ് ലു ഖാന്റെ മരണത്തോടെയായിരുന്നു. 

പെഹ് ലു ഖാന് ആദരവ് അര്‍പ്പിക്കാനാണ് ഞങ്ങള്‍ എത്തിയത്. അതിനൊപ്പം വിദ്വേഷ ആക്രമണങ്ങള്‍ക്ക് ഇരയായ എല്ലാവര്‍ക്കും ആദരവര്‍പ്പിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്നും ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ ഹര്‍ഷ മന്ദേര്‍ പറയുന്നു. ഹിന്ദുത്വ സംഘം വളഞ്ഞതോടെ സാമൂഹിക പ്രവര്‍ത്തകരുടെ സംഘം പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചപ്പോഴും വലിയൊരു സംഘം പ്രതിഷേധക്കാര്‍ ഇവരെ പിന്തുടര്‍ന്നു. തുടര്‍ന്ന് പെഹ് ലു ഖാന്‍ ആക്രമിക്കപ്പെട്ട സ്ഥലം സന്ദര്‍ശിക്കാനാവാതെ തങ്ങള്‍ പോകില്ലെന്ന് പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ