ദേശീയം

ജയലളിതയുടെ മരണത്തില്‍ നുണ പറയേണ്ടി വന്നതായി എഐഎഡിഎംകെ നേതാവിന്റെ വെളിപ്പെടുത്തല്‍; ഗവര്‍ണറെ പോലും ജയലളിതയെ കാണാന്‍ അനുവദിച്ചില്ല

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് നുണ പറയേണ്ടി വന്നതായി എഐഎഡിഎംകെ നേതാവിന്റെ വെളിപ്പെടുത്തല്‍. ജയലളിത ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സമയത്ത് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അവരുടെ ആരോഗ്യനിലയെ കുറിച്ച് നുണ പറയേണ്ടി വന്നതായാണ് എഐഎഡിഎംകെ നേതാവ് സി.ശ്രീനിവാസന്‍ വെളിപ്പെടുത്തുന്നത്. 

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് ജയലളിത ഇഡിലിയും മറ്റ് ഭക്ഷണങ്ങളും കഴിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ പ്രശ്‌നമില്ലെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് സത്യമായിരുന്നില്ല. ആരോഗ്യനില തൃപ്തികരമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്. 

ജയലളിതയെ കാണുന്നതിനായി ആശുപത്രിയില്‍ എത്തിയ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ആര്‍ക്കും ജയലളിതയെ കാണാന്‍ സാധിച്ചിരുന്നില്ലെന്നും ശ്രീനിവാസന്‍ പറയുന്നു. അരുണ്‍ ജെയ്റ്റ്‌ലി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് പുറമെ ഗവര്‍ണറായിരുന്ന വിദ്യാസാഗര്‍ റാവുവിന്‌ പോലും ജയലളിതയെ കാണാന്‍ അനുവാദം നല്‍കിയിരുന്നില്ലെന്നാണ് വെളിപ്പെടുത്തല്‍. 

ആശുപത്രിയില്‍ എത്തിയ ഉന്നത നേതാക്കളെ അപ്പോളോ ഹോസ്പിറ്റല്‍ ഉടമയുടെ മുറിയിലേക്ക് കൊണ്ടുപോകും. ഇവിടെയെത്തി ശശികല ഇവരുമായി സംസാരിച്ചു. അതിന് ശേഷം അവരെല്ലാം മടങ്ങിപ്പോവുകയായിരുന്നു. ജയലളിതയെ കിടത്തിയിരുന്ന ഫ്‌ലോറിലേക്ക് ആര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. 

എന്നാല്‍ ശശികലയ്ക്ക് പോലും ജയലളിതയെ കാണുന്നതിന് ഒക്ടോബര്‍ ഒന്ന് മുതല്‍ അനുവാദം നല്‍കിയിരുന്നില്ലെന്ന് ടിടിവി ദിനകരന്‍ ശ്രീനിവാസന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഗവര്‍ണര്‍ ജയലളിതയെ കണ്ടിരുന്നു. ആരോഗ്യനില എത്രമാത്രം മോശമായിരുന്നു എന്ന് ഗവര്‍ണര്‍ക്കറിയാം. ഗവര്‍ണര്‍ കള്ളം പറയുമോ എന്നും ദിനകരന്‍ ചോദിക്കുന്നു. 

ശ്വാസകോശത്തിലെ ആണുബാധയാണ് ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമാക്കിയിരിക്കുന്നതെന്ന് ഒക്ടോബര്‍ ഒന്നിന് അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. എന്നാല്‍ നവംബര്‍ 13ന്, തനിക്ക് പുതുജന്മമാണ് ലഭിച്ചിരിക്കുന്നതെന്നും, എല്ലാവര്‍ക്കും നന്ദി പറയുന്നതായും അറിയിച്ചുള്ള ജയലളിത ഒപ്പുവെച്ച കുറിപ്പ് സംസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളിലേക്ക് പാര്‍ട്ടി എത്തിച്ചിരുന്നു. 

ഡിസംബര്‍ നാലിനുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് പിറ്റേ ദിവസമായിരുന്നു ശശികലയുടെ മരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്