ദേശീയം

മോദിയെ വധിക്കാന്‍ ഗൂഡാലോചന: വരവര റാവു അറസ്റ്റില്‍, രാജ്യവ്യാപക റെയ്ഡ്  

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും തെലുങ്കു കവിയുമായ വരവര റാവു അറസ്റ്റില്‍. ഹൈദരാബാദില്‍ ചിക്കാഡ്പളളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്വന്തം വസതിയില്‍ നിന്നുമാണ് വരവര റാവുവിനെ പൂനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൂണൈയിലെ ഭീമ- കൊരഗാവ് ദളിത്- സവര്‍ണ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ രാജ്യവ്യാപകമായി റെയ്ഡ് നടത്തി വരുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ്. ഇതിന് പുറമേ അഭിഭാഷക സുധഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരുടെത് ഉള്‍പ്പെടെ ഡല്‍ഹി, ഹൈദരാബാദ്, റാഞ്ചി, ഗോവ, മുംബൈ എന്നിവിടങ്ങളിലായി എട്ടോളം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ പൂനെ പൊലീസ് റെയ്ഡ് നടത്തിവരുകയാണ്.

2018 ജൂണിലാണ് തീവ്ര ഇടതുപക്ഷക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിടുന്നതായുളള വിവരം മഹാരാഷ്ട്ര പൊലീസിന് ലഭിച്ചത്. ഭീമ-കൊരെഗാവ് സംഘര്‍ഷ കേസില്‍ മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഉള്‍പടെ അഞ്ച് പേരെ പൂണെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.ഇവര്‍ നക്‌സലുകളാണെന്നും ഇവരില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരട് രൂപം കിട്ടിയെന്നും മഹാരാഷ്ട്ര പൊലിസ് അവകാശപ്പെട്ടിരുന്നു. റോഡ്‌ഷോ വേളയില്‍ മോദിയെ വധിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് എന്ന് സംശയിക്കുന്നയാളില്‍ നിന്ന് പിടിച്ചെടുത്ത കത്തില്‍ നിന്നുമാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചത്. ഇത്തരത്തില്‍ പിടിച്ചെടുത്ത മൂന്ന് കത്തുകളില്‍ നിന്നുമാണ് വരവര റാവുവിന്റെ പേര് ഉയര്‍ന്നുവന്നത്. 

മഫ്തിയില്‍ വന്ന 20 അംഗ മഹാരാഷ്ട്ര പൊലീസാണ് വരവര റാവുവിനെ പിടികൂടിയത്. ഈ സമയം ഇദ്ദേഹത്തിന്റെ അനുയായികള്‍ പുറത്ത് തടിച്ചുകൂടിയിരുന്നു. ഇവര്‍ വരവര റാവുവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വരവര റാവുവിന് പുറമേ അദ്ദേഹത്തിന്റെ മക്കളുടെയും അടുപ്പക്കാരുടെയും വീടുകളിലും പൂനെ പൊലീസ് തെരച്ചില്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. 

ഭീമകൊരെഗാവ് സംഘര്‍ഷ കേസില്‍ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സി.ആര്‍.പി.പിയുടെ പ്രവര്‍ത്തകന്‍ മലയാളിയായ റോണ വില്‍സണ്‍, ദളിത് മാസികയുടെ പത്രാധിപരായ സുധിര്‍ ധാവ് ലെ, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്പിള്‍സ് ലോയേസിന്റെ സുരേന്ദ്ര ഗാഡ് ലിങ്, നാഗ്പൂര്‍ സര്‍വകലാശാല പ്രഫ. ഷോമ സെന്‍, മഹേഷ് റാവുത് എന്നിവരെയാണ് പൂണെ പൊലിസ് അന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ നക്‌സലുകളാണെന്നും ഇവരില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരട് രൂപം കിട്ടിയെന്നും പൊലിസ് അവകാശപ്പെടുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്