ദേശീയം

'മോദിജീ, ഇതിലും ഭേദം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കലായിരുന്നു' ; കേന്ദ്രസര്‍ക്കാരിനെതിരെ ശിവസേന എംപി

സമകാലിക മലയാളം ഡെസ്ക്

മുംബൈ : രാജ്യത്തെ കംപ്യൂട്ടര്‍ ഡേറ്റ നിരീക്ഷിക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ ശിവസേന എംപി രംഗത്ത്. ഇത്തരം ഉത്തരവുകള്‍ പുറത്തിറക്കുന്നതിനേക്കാള്‍ ഭേദം ; മോദിജീ, താങ്കള്‍ ഔദ്യോഗികമായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു എന്ന് ശിവസേന എംപി കുറ്റപ്പെടുത്തി. 

ശിവസേന എംപി മനിഷ കയാന്‍ഡെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാജ്യത്തെ കംപ്യൂട്ടറുടെ ഡാറ്റ നിരീക്ഷിക്കാന്‍ 10 ഏജന്‍സികള്‍ക്ക് അധികാരം നല്‍കിയാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം വിജ്ഞാപനം പുറപ്പെടുവിച്ചത്.

കംപ്യൂട്ടറുകളിലൂടെ കൈമാറിയതോ സൂക്ഷിച്ചിട്ടുള്ളതോ ആയ ഏത് ഡേറ്റയും നിരീക്ഷിക്കാനും പരിശോധിക്കാനും ഡിക്രിപ്റ്റ് ചെയ്യാനും ഈ ഏജന്‍സികള്‍ക്ക് അധികാരമുണ്ടെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, കാബിനറ്റ് സെക്രട്ടേറിയറ്റ് (റോ), ഡയറക്ടറേറ്റ് ഒഫ് സിഗ്നല്‍ ഇന്റലിജന്‍സ്, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എന്നിവരാണ് ചുമതലപ്പെടുത്തപ്പെട്ട ഏജന്‍സികള്‍.

ഇന്റര്‍നെറ്റ് വരിക്കാര്‍, സര്‍വീസ് പ്രോവൈഡര്‍, കംപ്യൂട്ടര്‍ മാനേജ് ചെയ്യുന്നയാള്‍ എന്നിവര്‍ ഈ ഏജന്‍സികള്‍ക്ക് പരിശോധനയ്ക്ക് സൗകര്യമൊരുക്കണം. ഇതു ചെയ്യാത്തപക്ഷം ഏഴു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമായി കണക്കാക്കും. ഐടി വകുപ്പിലെ 69 (1) വകുപ്പ് അനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്. 

അതേസമയം രാജ്യത്തെ കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി രം​ഗത്തെത്തി. അനാവശ്യ വിവാദം ഉണ്ടാക്കി കോണ്‍ഗ്രസ് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നു. ഇല്ലാത്ത വിഷയം കോണ്‍ഗ്രസ് ഊതിപ്പെരുപ്പിക്കുകയാണ്. നിയമപ്രകാരമാണ് പത്തുഏജന്‍സികള്‍ക്ക് കംപ്യൂട്ടറിലെ ഏത് ഡേറ്റയും പരിശോധിക്കാന്‍ അനുമതി നല്‍കിയതെന്നും രാജ്യസഭയില്‍ ജെയ്റ്റ്‌ലി പറഞ്ഞു. 

2009 മുതല്‍ ഇതുസംബന്ധിച്ച നിയമം നിലവിലുണ്ട്. ഡിസംബര്‍ 20 ന് ഈ ഉത്തരവ് വീണ്ടും പുറപ്പെടുവിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഒരു ചെറിയ കുന്നുപോലും ഇല്ലാതെ വലിയ പര്‍വതം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം