ദേശീയം

ആര്‍ത്തവ അശുദ്ധി; വീട്ടില്‍ നിന്ന് പുറത്താക്കിയ യുവതി തണുത്ത് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

നേപ്പാളില്‍ വീണ്ടും ആര്‍ത്തവ മരണം. ആര്‍ത്തവസമയത്ത് സ്ത്രീകളെ പുറത്ത് നിര്‍ത്തരുതെന്നുള്ള നിയമം നിലവില്‍ വന്നിട്ടും ഈ ദുരാചാരത്തിന് മാറ്റമുണ്ടാകുന്നില്ല. നേപ്പാളിലെ ഒരു ഗ്രാമത്തിലാണ് 21കാരി ദുരാചാരങ്ങളുടെ പേരില്‍ മരണത്തിന് കീഴടങ്ങിയത്. 

വീടിന് പുറത്തെ മഞ്ഞും മഴയുമടിയ്ക്കുന്ന ഷെഡ്ഡില്‍ താമസിക്കേണ്ടി വന്ന യുവതി തണുപ്പ് സഹിക്കാനാകാതെയാണ് യുവതിയുടെ ദാരുണാന്ത്യം. തണുപ്പ് അകറ്റാന്‍ തീ കൂട്ടിയതുമൂലമുണ്ടായ പുക ശ്വസിച്ചതും അതിശൈത്യവുമാണ് മരണത്തിന് കാരണമെന്ന് സര്‍ക്കാര്‍ വക്താവ് ബഹദൂര്‍ കൗച്ച പറഞ്ഞു. 

ഈ പ്രദേശത്തെ സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് വീട്ടിനുള്ളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. പകരം വീടിന് അകലെയുള്ള നേരെ ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ പോലും സൗകര്യമില്ലാത്ത ഷെഡ്ഡുകളിലാണ് ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകളെ പാര്‍പ്പിക്കുന്നത്. തണുപ്പ് പൂജ്യത്തിനും താഴെയാകുന്ന അതിശൈത്യ കാലത്തുപോലും ഇതേ സമീപനമാണ് ഇവര്‍ സ്ത്രീകളോട് കാണിക്കുന്നത്. ആര്‍ത്തവമുള്ള സ്ത്രീ വീട്ടിനുള്ളില്‍ പ്രവേശിച്ചാല്‍ ദൈവം കോപിക്കുമെന്ന വിശ്വാസ പ്രകാരമാണ് സ്ത്രീകളോട് ഈ ക്രൂരത തുടരുന്നത്. 

ആര്‍ത്തവ സമയത്ത് സ്ത്രീകളെ പുറത്തിരുത്തുന്നത് സുപ്രീംകോടതി നിരോധിച്ചതാണെങ്കിലും നേപ്പാളിലെ പല ഗ്രാമങ്ങളില്‍ ഈ ആചാരം ഇന്നും തുടരുന്നുണ്ടെന്ന് ബഹദൂര്‍ കൗച്ച വ്യക്തമാക്കി. സ്ത്രീകളോടുള്ള ഈ വിവേചനത്തിന് മൂന്ന് മാസം തടവും 3000 നേപ്പാള്‍ രൂപ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഈ നിയമം പ്രാബല്യത്തില്‍വന്നത്. എന്നാല്‍ നിയമം വന്നിട്ടും ഈ ആചാരത്തിന് മാറ്റമുണ്ടായിട്ടില്ല.  

ഇവരെ താമസിപ്പിക്കുന്ന ഈ കുടിലുകളില്‍ തണുപ്പിനെ അതിജീവിക്കാനോ, മൃഗങ്ങളില്‍നിന്ന് രക്ഷ നേടാനോ വേണ്ട സൗകര്യങ്ങള്‍ ഉണ്ടാകാറില്ല. വാതിലുകള്‍ പോലുമില്ലാത്ത പൊളിഞ്ഞ് വീണേക്കാവുന്ന ഷെഡ്ഡുകളാണ് ആര്‍ത്തവ ദിനങ്ങളിലെ സ്ത്രീകളുടെ അഭയ കേന്ദ്രങ്ങള്‍. മൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ ഒന്ന് വിളിച്ച് നിലവിളിച്ചാല്‍ പോലും രക്ഷയ്ക്കായി ആരും ഓടിയെത്തണമെന്നില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്.

ആര്‍ത്തവ സമയത്ത് പുറത്താക്കുന്നതുവഴി നിരവധി മരണങ്ങള്‍ നേപ്പാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2016 നവംബറില്‍ നാല് രാത്രികള്‍ ഒറ്റയ്ക്ക് പുറത്ത് കഴിയേണ്ടി വന്നതോടെ ദമ്പാര ഉപാധ്യായ് എന്ന 21 കാരി മരിച്ചത് വാര്‍ത്തയായിരുന്നു. മൂക്കില്‍നിന്ന് രക്തം വന്ന് മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മൃഗങ്ങളുടെ ആക്രമണം കൊണ്ടും സ്ത്രീകള്‍ മരിക്കാറുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്