ഭോപ്പാല്‍: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ മാനസിക ന്യൂനതയുള്ള യുവതിയെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. സിംഗ്രൗളി ജില്ലയിലെ ബാര്ഗഡിലാണു സംഭവം. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. 25-30 വയസിനിടെ പ്രായമുള്ള സ്ത്രീയാണു മരിച്ചതെന്നു പോലീസ് അറിയിച്ചു.
ബാര്ഗഡിലെ വനമേഖലയില്‍നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മാനസിക ദൗര്‍ബല്യമുള്ള ഈ സ്ത്രീ കുറച്ചുകാലമായി മേഖലയില്‍ അലഞ്ഞുതിരിഞ്ഞിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പോലീസിനു മൊഴി നല്കി. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് വ്യാഴാഴ്ച രാത്രി മുതല്‍ പ്രദേശവാസികള്‍ ഈ സ്ത്രീയെ പിന്തുടരുകയായിരുന്നു. കുറച്ചുസമയത്തിനുശേഷം ഇവര്‍ സ്ത്രീയെ ആക്രമിക്കാന്‍ തുടങ്ങി. ഭോഷ് ഗ്രാമവാസിയായ ഹീര സിംഗ് ഗോണ്ട് എന്നയാള്‍ സ്ത്രീയെ കോടാലികൊണ്ട് അടിച്ചുവീഴ്ത്തി. ഇതേസമയം, കുറച്ചുപേര്‍ ചേര്‍ന്ന് ഇവരെ ലാത്തിയും വടികളും ഉപയോഗിച്ചു തല്ലിച്ചതച്ചു. ഇതോടെ യുവതി ജീവന് രക്ഷിക്കാനായി ഓടി. എന്നാല്‍ സമീപത്തെ സ്കൂളിനു സമീപത്ത് വച്ച് ആള്‍ക്കൂട്ടം സ്ത്രീയെ വീണ്ടും ആക്രമിച്ചു. ബോധംനഷ്ടപ്പെട്ട യുവതിയെ ആള്‍ക്കൂട്ടം വലിച്ചിഴച്ച് വനപ്രദേശത്ത് ഉപേക്ഷിച്ചു. പിന്നീട് പോലീസ് ഇവരുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസിനോട് കുറ്റക്കാരില്‍ ചിലര്‍ കുറ്റം ഏറ്റു പറഞ്ഞതായും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മേഖലയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ വ്യാപകമാണെന്ന് നാട്ടുകാര്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അഭ്യൂഹങ്ങള്‍. ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കുറിച്ച് വിവരം നല്‍കണമെന്നും പോലീസ് നാട്ടുകാരോട് അഭ്യര്‍ഥിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ