ദേശീയം

 'കുര്‍ക്കുറെ'യിലെ പ്ലാസ്റ്റിക് ,ഫേസ്ബുക്കിനെയും ട്വിറ്ററിനെയും കോടതി കയറ്റി പെപ്‌സികോ; ഉള്ളടക്കം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  'കുര്‍ക്കുറെ' ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച  ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാത്ത  വിഷയത്തില്‍ ഫേസ്ബുക്കിനും ട്വിറ്ററിനും എതിരെ പെപ്‌സി കോ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. . കുര്‍ക്കുറെയില്‍ പ്ലാസ്റ്റിക് ഉണ്ടെന്ന് ആരോപിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് വലിയ തിരിച്ചടിയാണ് ഉത്പന്നത്തിന് വിപണിയില്‍ നേരിട്ടത് എന്ന് പെപ്‌സികോ പറയുന്നു.  ഉള്ളടക്കം നീക്കം ചെയ്യണമെന്നും , നഷ്ടപരിഹാരമായി രണ്ട് കോടി രൂപ നല്‍കണമെന്നുമാണ് കമ്പനിയുടെ ആവശ്യം. തീ പിടിക്കുന്ന പ്ലാസ്റ്റിക് കുര്‍ക്കുറെയില്‍ ഉണ്ടെന്നും ആരോഗ്യത്തിന് ഹാനികരമാണ് എന്നുമുള്ള വിവരങ്ങളും ദൃശ്യങ്ങളുമടങ്ങുന്ന പോസ്റ്റുകള്‍ പ്രചരിക്കുന്നതിന് സമൂഹമാധ്യമങ്ങള്‍ കൂട്ടുനിന്നു എന്നാണ് കമ്പനിയുടെ വാദം. 

പെപ്‌സി കോയുടെ പരാതിയെ തുടര്‍ന്ന് വിവരങ്ങള്‍ സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരുടെ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്, ഉപയോഗിക്കുന്നയാളിന്റെ പേരും വയസ്സും ഇ-മെയില്‍ വിലാസവുമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം വിഷയം ഉള്‍പ്പെടുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഒരു മാസത്തെ സമയവും കോടതി നല്‍കിയിട്ടുണ്ട്.

 അതേസമയം കുര്‍ക്കുറെയില്‍ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നുള്ള വീഡിയോകള്‍ നീക്കം ചെയ്തതായി യൂട്യൂബ് അറിയിച്ചു. എന്നാല്‍ ഫേസ്ബുക്കും ട്വിറ്ററും ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്ത വിവരം അറിയിച്ചിട്ടില്ല. ഫേസ്ബുക്കില്‍ മാത്രം കുര്‍ക്കുറെയ്‌ക്കെതിരെ 3,412 ലിങ്കുകളും,20,244 പോസ്റ്റുകളും പ്രചരിച്ചുവെന്നാണ് പെപ്‌സി സമര്‍പ്പിച്ച കണക്ക്. ട്വിറ്ററിലും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും 562,242,6 വീതം ലിങ്കുകളേ പ്രചരിച്ചിട്ടുള്ളൂ. 

കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് 'കുര്‍ക്കുറെയില്‍ പ്ലാ..' എന്ന് ട്വീറ്റ് ചെയ്തവര്‍ക്ക് വരെ ട്വിറ്റര്‍ ഇമെയില്‍ അയച്ചിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ഈ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ട് എന്ന് അറിയിക്കുന്നതിനായിരുന്നു അത്. ഇങ്ങനെയൊരു മെയില്‍ വന്നതോടെ കുര്‍ക്കുറെയില്‍ പ്ലാസ്റ്റിക് ഉണ്ടെന്ന് ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ് ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ പറഞ്ഞത്. അല്ലെങ്കില്‍ പെപ്‌സി തെളിയിക്കട്ടെ, ഇതുവരെ അവര്‍ ആരോപണത്തിന് മറുപടി നല്‍കിയിട്ടില്ലല്ലോ എന്നും അവര്‍ വ്യക്തമാക്കി. 

2013ലാണ് കുര്‍ക്കുറെയില്‍ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന ഉള്ളടക്കമുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. പെപ്‌സികോ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അത്തരം വിവരങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. 2013 നും 2017 നും ഇടയില്‍ നിരവധി തവണയാണ് പെപ്‌സി ഈ വിഷയത്തില്‍ വീണ്ടും ഫേസ്ബുക്കിനെയും ട്വിറ്റിനെയും സമീപിച്ചത്. കോടതി ഉത്തരവുമായി വന്നാല്‍ നീക്കം ചെയ്യാം എന്നായിരുന്നു ഫേസ്ബുക്ക് അന്ന് മറുപടി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു