ദേശീയം

ബിജെപി പിന്തുണ പിന്‍വലിച്ചു; മെഹബൂബ സര്‍ക്കാര്‍ വീണു, കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്നര വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച് ബിജെപി പിന്തുണ പിന്‍വലിച്ചതോടെ കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലേക്ക്. നിലവിലെ സാഹചര്യത്തില്‍ സഖ്യം തുടരാനാവില്ലെന്ന് വ്യക്തമാക്കിയാണ് ബിജെപി വക്താവ് രാംമാധവ് സഖ്യം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അമിത്ഷാ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ബിജെപി വക്താക്കള്‍ വ്യക്തമാക്കി. കശ്മീരിന്റെ വികസനത്തിനായി മോദി സര്‍ക്കാര്‍ സാധ്യമായത് എല്ലാം ചെയ്തുവെന്നും 80,000 കോടി രൂപ ചിലവഴിച്ചുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ രാം മാധവ് വ്യക്തമാക്കി. മതതീവ്രവാദം കൂടുകയാണ് എന്നും വിഘടനവാദ പ്രവണത ശക്തിയാര്‍ജ്ജിക്കുന്നുവെന്നും പിരിയുന്നതിനുള്ള കാരണങ്ങളായി ബിജെപി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും റമസാന്‍ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച വിഷയങ്ങളാണ് പെട്ടെന്നുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. 

2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി-പിഡിപി സഖ്യം രൂപീകരിച്ചത്. ബിജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജി കത്ത് ഗവര്‍ണര്‍ക്ക് കൈമാറി.കത്വാ സംഭവത്തെ തുടര്‍ന്ന് ബിജെപി മന്ത്രിമാര്‍ നേരത്തെ രാജി വച്ചിരുന്നു.

നിലവിലെ സര്‍ക്കാരിന് ഒന്നര വര്‍ഷം കാലാവധി കൂടി ശേഷിക്കുന്നതിനാല്‍ കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. സഖ്യം ഉപേക്ഷിച്ചു കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ബിജെപി വക്താവ് രാം മാധവും ഉന്നയിച്ചിരുന്നു. 

ബിജെപിയെ രാഷട്രീയമായി തന്നെ നേരിടുമെന്ന് പിഡിപി വ്യക്തമാക്കി. മുന്‍കൂട്ടി അറിയിക്കാതെ സഖ്യം പിന്‍വലിച്ചത് ശരിയായില്ലെന്നും സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് വരുത്തി തീര്‍ക്കാനാണ് ബിജെപി ശ്രമിച്ചതെന്നും പിഡിപി പ്രസ്താവിച്ചു.

അതേസമയം പിഡിപിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.ബിജെപി പിഡിപി സഖ്യം ഹിമാലയന്‍ ബ്ലണ്ടറായിരുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയുടേത് അവസരവാദ രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ