ദേശീയം

കര്‍ണാടക: കോണ്‍ഗ്രസ് സഖ്യം കാത്ത് സിപിഐ, ആരുമായും സഖ്യമില്ലാതെ സിപിഎം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെന്ന പ്രതീക്ഷയില്‍ സിപിഐ. സഖ്യത്തില്‍ താത്പര്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് കത്തെഴുതി കാത്തിരിക്കുകയാണ് സിപിഐ. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ആരുമായും സഖ്യത്തിനില്ലെന്നും ഒറ്റയ്ക്കു മത്സരിക്കുമെന്നുമാണ് സിപിഎം നിലപാട്.

ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസുമായി സഖ്യത്തിനു ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സിദ്ധന ഗൗഡ പാട്ടീല്‍ പറഞ്ഞു. സഖ്യത്തില്‍ താത്പര്യം പ്രകടിപ്പിച്ച് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ജി പരമേശ്വരയ്ക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയും കത്തു നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം ലഭിച്ചിട്ടില്ലെന്നും പാട്ടീല്‍ അറിയിച്ചു.

കര്‍ണാടകയില്‍ നാലു സീറ്റില്‍ മത്സരിക്കാനാണ് സിപിഐ ഉദ്ദേശിക്കുന്നത്. ഈ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസുമായി സഖ്യം വന്നാല്‍ വേണ്ടിവന്നാല്‍ സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തയാറാണെന്ന് പാട്ടീല്‍ അറിയിച്ചു. സഖ്യമില്ലെങ്കില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യം വേണ്ടെന്ന നിലപാടിലാണ് സിപിഎം. 26 സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതിനേക്കാള്‍ കൂടുതലാണിത്. ഇരുപത്തിയാറു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കണ്ടെത്തിയതായി സിപിഎം സംസ്ഥാന സെക്രട്ടറി ജിവി ശ്രീറാം റെഡ്ഡി പറഞ്ഞു. ദക്ഷിണ കന്നഡയില്‍ നാലും ബംഗളൂരു നോര്‍ത്ത്, സൗത്ത് , കോലാര്‍, ബെല്ലാരി എ്ന്നിവിടങ്ങളില്‍ മൂന്നും സ്ഥാനാര്‍ഥികളെ വീതമാവും സിപിഎം നിര്‍ത്തുക.

നേരത്തെ ജനതാ ദള്‍ എസുമായി സഖ്യമുണ്ടാക്കാന്‍ സിപിഎം താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ സ്വാധീന മേഖലകളില്‍ ഉള്‍പ്പെടെ ജെഡിഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ നീക്കം അലസുകയായിരുന്നു.

1985 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നിയമസഭയിലേക്കു സ്വന്തം സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ സിപിഐക്കും സിപിഎമ്മിനും കഴിഞ്ഞിരുന്നെങ്കിലും പിന്നീടിങ്ങോട്ട് ഇരുപാര്‍ട്ടികളുടെയും വോട്ടുവിഹിതം തീര്‍ത്തും കുറഞ്ഞു. ഒരു ശതമാനത്തിലും താഴെയാണ് നിലവില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും വോട്ടുവിഹിതം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്