ദേശീയം

ചെങ്കോട്ട തകര്‍ത്ത് ബിജെപി, നാഗാലാന്‍ഡിലും കാവി സഖ്യം, മേഘാലയയില്‍ തൂക്കുസഭ

സമകാലിക മലയാളം ഡെസ്ക്

ത്രിപുരയില്‍ കാല്‍ നൂറ്റാണ്ടായി തുടരുന്ന ഇടതു മുന്നണി ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലേക്ക്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ്, രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ കാവിപ്പട ചുവപ്പു കോട്ട തകര്‍ത്തത്. ത്രിപുരയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടന്ന നാഗാലാന്‍ഡിലും ബിജെപി സഖ്യം ഭരണം പിടിച്ചു. മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല.

ത്രിപുരയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുറപ്പിച്ച ബിജെപി 42 സീറ്റുകളില്‍ മുന്നിലെത്തി. സിപിഎം 17 സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് സംപൂജ്യരായി കളത്തിന് പുറത്തായി.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇടത് മുന്നണിയും എന്‍ഡിഎയും കാഴ്ചവച്ചത്. ആദ്യ രണ്ടു മണിക്കൂറില്‍ ഒപ്പത്തിനൊപ്പം നിന്ന സിപിഎമ്മിനെ പിന്നിലാക്കി മൂന്നാം റൗണ്ടില്‍ ബിജെപി കുതിച്ചു കയറുകയായിരുന്നു. എന്‍ഡിഎ സഖ്യകക്ഷിയായ ഐപിഎഫ്ടി മികച്ച പ്രടകടനമാണ് കാഴ്ചവച്ചത്. ആദിവാസി മേഖലകളിലാണ് സിപിഎമ്മിന് കാലിടറിയത്. എട്ടു ശതമാനം വോട്ടുകള്‍ ഐപിഎഫ്ടി നേടിയപ്പോള്‍ ബിജെപി 41 ശതമാനം വോട്ടുകള്‍ നേടി ശക്തമായ മുന്നേറ്റമുണ്ടാക്കി. വോട്ടിങ് ശതമാനത്തില്‍ സിപിഎമ്മാണ് മുന്നില്‍, 44 ശതമാനം വോട്ടുകള്‍ നേടി.

മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് പോലും പലതവണ ധന്‍പൂരില്‍ പിന്നിലേക്ക് പോകേണ്ടി വന്നു. ഞെട്ടലുണ്ടാക്കിയ ബിജെപിയുടെ ത്രിപുര വിജയത്തോടെ രാജ്യത്ത് ഇടത് ഭരണുള്ള ഒരേയൊരു സംസ്ഥാനമായി കേരളം മാറി. 

അതേസമയം മേഘാലയയില്‍ തൂക്കു നിയമസഭയ്ക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. 23 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലെത്തിയത്. എന്‍പിപി 12 സീറ്റുകളും ബിജെപി 8 സീറ്റുകളിലും മേല്‍ക്കൈ നേടി. മറ്റു പ്രാദേശിക പാര്‍ട്ടികള്‍ 14 സീറ്റുകള്‍ നേടി. ഈ ചെറു പാര്‍ട്ടികളെ ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനായിരിക്കും ഇനി കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശ്രമം.

നാഗാലാന്‍ഡില്‍ 33 സീറ്റുകളില്‍ നേട്ടമുണ്ടാക്കിയാണ് എന്‍ഡിഎ ഭരണമുറപ്പിച്ചത്. ഭരണകക്ഷിയായ നാഗാ പീപ്പിള്‍ ഫ്രണ്ട് 20 സീറ്റുകളിലേക്കൊതുങ്ങി. കോണ്‍ഗ്രസിന് ഇവിടെ അക്കൗണ്ട് തുറക്കാനായില്ല.

മൂന്നു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി പ്രതികരിച്ചു. ഇതോടെ അപ്രാപ്യമെന്ന് കരുതിയിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കാവിക്കൊടി പാറിക്കാന്‍ ബിജെപിക്കായി. ഇത് വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി