ദേശീയം

കേന്ദ്രസർക്കാർ വെട്ടിൽ ; അലോക് വര്‍മ്മയ്ക്കെതിരായ അഴിമതി ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയ അലോക് വര്‍മ്മക്കെതിരായ പരാതികളില്‍ കഴമ്പില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തിയതായി റിപ്പോർട്ട്. മൊയിന്‍ ഖുറേഷി കേസില്‍ രണ്ട് കോടി രൂപ അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്നും വിജിലന്‍സ് കമ്മീഷന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പദവിയില്‍ തിരികെ നിയമിക്കണമെന്ന വര്‍മയുടെ ഹര്‍ജി നാളെ സുപ്രിം കോടതി പരിഗണിക്കാനിരിക്കേയാണ് വിജിലന്‍സ് കമ്മീഷന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത്. 

സുപ്രിം കോടതി മുന്‍ ജസ്റ്റിസ് എ.കെ.പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ കെ.വി.ചൗധരി,കമ്മീഷണര്‍മാരായ ശരത് കുമാര്‍, റ്റി.എം.ബാസില്‍ തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിലാണ് അലോക് വര്‍മ്മക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയത്. അലോക് വര്‍മ്മക്കെതിരെ സിബിഐ സ്‌പെഷ്യല്‍ ഡയറ്കടര്‍ രാകേഷ് അസ്താന ഉന്നയിച്ച പരാതിയില്‍ കഴമ്പില്ല. പണം കൈമാറിയതിനോ പരാതിക്കാധാരമായ മറ്റ് തെളിവുകളോ ഹാജരാക്കാന്‍ അസ്താനക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ട് പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് നാളെ സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും. 

മാംസവ്യാപാരി മൊയിന്‍ ഖുറേഷിക്കെതിരായ കേസില്‍ ഇടനിലക്കാരനായ സതീഷ് സനയില്‍ നിന്നും അലോക് വര്‍മ്മ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ സ്പെഷൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താന നൽകിയ പരാതി. നരേന്ദ്രമോദിയോട് അടുപ്പമുള്ള രാകേഷ് അസ്താനയ്ക്കെതിരെ അഴിമതിക്കേസെടുത്തതിനു പിന്നാലെയാണ് അലോക് വര്‍മയ്ക്കെതിരെ ആരോപണം വന്നത്. ഇതാണ് വിജിലന്‍സ് കമ്മീഷന്‍ തള്ളിയത്.

സതീഷ് സനയുടെയും, അലോക് വർമ്മയുടെയും മൊഴി വിജിലൻസ് കമ്മീഷൻ രേഖപ്പെടുത്തിയിരുന്നു. സിബിഐ ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചു. ഗുരുതര പിഴവുണ്ടെങ്കിലേ സിബിഐ ഡയറക്ടറെ സ്ഥാനത്തു നിന്ന് നീക്കാൻ കഴിയൂ. ആരോപണം തെളിയാത്ത സാഹചര്യത്തിൽ നാളെ കേന്ദ്ര സർക്കാരും കേന്ദ്ര വിജിലൻസ് കമ്മീഷനും  സുപ്രിംകോടതിയിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. 

തിങ്കളാഴ്ച നാല്‍പ്പത്തിയേഴാമത്തെ കേസായിട്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് ഉൾപ്പെട്ട ബഞ്ച് അലോക് വർമ്മയുടെയും പ്രശാന്ത് ഭൂഷന്‍റെയും ഹർജികൾ പരിഗണിക്കുക. ഡയറക്ടറെ മടക്കി കൊണ്ടുവരാൻ കോടതി ഉത്തരവിട്ടാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത് വ്യക്തിപരമായ തിരിച്ചടിയാകും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് നാളെ തുടക്കമാകവെ, കോടതിയുടെ ഏത് പ്രതികൂല പരാമർശവും പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോ​ഗിക്കും എന്നതും ബിജെപിക്ക് തലവേദനയാണ്. ഒക്ടോബർ 23 നാണ് ആരോപണ വിധേയരായ അലോക് വർമ്മയെയും രാകേഷ് അസ്താനയെയും സിബിഐയിൽ നിന്നും കേന്ദ്രസർക്കാർ മാറ്റിയത്. ഇരുവരോടും നിർബന്ധിത അവധിയിൽ പോകാൻ നിർദേശിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി