ദേശീയം

റഫാല്‍ : വില ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രിംകോടതി  ; സിബിഐ അന്വേഷണത്തില്‍ തീരുമാനം പിന്നീട്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : വിവാദമായ റഫാല്‍ വിമാന ഇടപാടില്‍ വില ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം മുദ്ര വെച്ച കവറില്‍ പത്തു ദിവസത്തിനകം നല്‍കാനാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ യു യു ലളിത്, കെ എം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. 

വിമാനത്തിന്റെ വില സംബന്ധിച്ച് വിശദാംശങ്ങള്‍ വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വില സംബന്ധിച്ച വിവരങ്ങള്‍  പുറത്തുവിടാനാകില്ലെന്ന് അറിയിച്ചു. ഔദ്യോഗിക രഹസ്യത്തില്‍പ്പെടുന്നവയായതിനാല്‍ ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കാനാകില്ലെന്നും എജി അറിയിച്ചു. അപ്പോഴാണ് വില ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചത്.

റഫാല്‍ ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയായ റിലയന്‍സിന്റെ പങ്കിനെപ്പറിയും വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കൂടാതെ  ഇടപാടിന്റെ തീരുമാനങ്ങള്‍ എടുത്തതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഹര്‍ജിക്കാരെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. എല്ലാവരും വിമാന ഇടപാടിന്റെ തീരുമാനം എടുത്ത നടപടിക്രമങ്ങളെയാണ് ചോദ്യം ചെയ്തിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു. വിമാനത്തിന്റെ സാങ്കേതിക വിവരങ്ങളും ഹര്‍ജിക്കാരെ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. 


ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ സുപ്രിംകോടതി തീരുമാനം എടുത്തില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ നല്‍കിയ ഹര്‍ജി പ്രശാന്ത് ഭൂഷണ്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, കാത്തിരിക്കൂ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. റഫാല്‍ യുദ്ധവിമാനം എയര്‍ഫോഴ്‌സിന് ആവശ്യമുണ്ടോ എന്ന കാര്യം ഹര്‍ജികളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും കോടതി വ്യക്തമാക്കി. 

വിഷയത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ എതിര്‍പ്പുണ്ടോ അതെല്ലാം സത്യവാംഗ്മൂലമായി സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. നേരത്തെ സുപ്രിംകോടതി നിര്‍ദേശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ റഫാല്‍ ഇടപാടിന്റെ രേഖകള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പകര്‍പ്പ് വേണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യമുന്നയിച്ചത്. യശ്വന്ത് സിന്‍ഹയ്ക്ക് പുറമെ, റഫാല്‍ ഇടപാടിനെതിരെ സുപ്രിംകോടതി അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മയും പ്രശാന്ത് ഭൂഷണുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസ് നവംബര്‍ 14 ന് വീണ്ടും പരിഗണിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ മഥുരയിലും വാരാണസിയിലും ക്ഷേത്രങ്ങള്‍; പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകും: ഹിമന്ത

'സുദേവ് നായരുടെ അഭിനയം തന്നേക്കാള്‍ മുന്നിലെന്നു ടൊവിനോയ്ക്കു തോന്നി'; 'വഴക്കി'ല്‍ പുതിയ വെളിപ്പെടുത്തല്‍

ഗൂഗിള്‍ മാപ്പിട്ട് ഗോശ്രീ പാലം കാണാന്‍ പോയി, റഷ്യന്‍ പൗരന്‍ എത്തിയത് വല്ലാര്‍പാടം ടെര്‍മിനലില്‍; അറസ്റ്റ്

ആരോഗ്യനില പെട്ടെന്ന് വഷളായി, നടി രാഖി സാവന്ത് ആശുപത്രിയിൽ

ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്