ദേശീയം

സ്വവര്‍ഗ രതി കുറ്റകരമല്ല, 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധം; ചരിത്രവിധിയുമായി സുപ്രിം കോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് സുപ്രിം കോടതി റദ്ദാക്കി. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ സമ്മതത്തോടെ നടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമായി കാണാനാവില്ലെന്ന് ചരിത്രപ്രധാനമായ വിധിന്യായത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ചീഫ് ജസ്റ്റിസ് എഴുതിയ വിധിന്യായത്തില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ഒപ്പുവച്ചപ്പോള്‍ മറ്റു മൂന്നു ജഡ്ജിമാരും വ്യത്യസ്ത വിധിന്യായങ്ങളാണ് പുറപ്പെടുവിച്ചത്. 

സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച് സുപ്രിം കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. സ്വവര്‍ഗ ലൈംഗികത കുറ്റകരമായി കാണുന്നത് തുടരണം എന്ന അഭിപ്രായം തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആ നിലപാടിനെ പിന്തുണച്ചില്ല. തുടര്‍ന്ന് അഡിഷീനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്രത്തിനു വേണ്ടി കോടതിയില്‍ ഹാജരായത്. 

377ാം വകുപ്പ് റദ്ദാക്കുന്നതിനെ ക്രൈസ്തവ സംഘടനകള്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകരമായി തുടരണം എന്നായിരുന്നു അവരുടെ വാദം.

ബ്രിട്ടിഷ് ഭരണത്തിന്‍കീഴില്‍ 1861ല്‍ ആണ്, സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഐപിസി 377ാം വകുപ്പ് നിലവില്‍ വന്നത്. പുരുഷനുമായി സ്ത്രീയുമായോ മൃഗങ്ങളുമായോ ഉള്ള 'പ്രകൃതിവിരുദ്ധ' ലൈംഗിക ബന്ധം കുറ്റകരമാണെന്നാണ് വകുപ്പില്‍ പറയുന്നത്. ജീവപര്യന്തമോ പത്തു വര്‍ഷം വരെയോ തടവും പിഴയുമാണഅ ശിക്ഷ.

2001ല്‍ സന്നദ്ധ സംഘടനകളായ നാസ് ഫൗണ്ടേഷനും എയ്ഡ്‌സ് ബേധ്ഭാവ് വിരോധ് ആന്തോളനുമാണ്, 3773ാം വകുപ്പിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എട്ടു വര്‍ഷത്തിനു ശേഷം സ്വര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് നിയമവിരുദ്ധമാണെന്നു വ്യക്തമാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മിലുള്ള സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമായി കാണാനാവില്ലെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ 2013ല്‍ ഡല്‍ഹി ഹൈക്കോടതി വിധി സുപ്രിം കോടതി അസാധുവാക്കി. 

ട്രാന്‍സ് ജെന്‍ഡറുകളുടെ മൂന്നാം ലിംഗമായി അംഗീകരിച്ചുകൊണ്ടുള്ള 2014ലെ വിധിയുടെയും സ്വകാര്യതയ്ക്കുള്ള അവകാശം മൗലിക അവകാശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള 2017ലെ വിധിയുടെയും പശ്ചാത്തലത്തില്‍ നാസ് ഫൗണ്ടേഷന്‍ വിധി പുനപ്പരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ച് ഒരു കൂട്ടം ഹര്‍ജികള്‍ ഈ വര്‍ഷം പരമോന്നത കോടതിക്കു മുന്നില്‍ എത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു