ദേശീയം

തമിഴ്‌നാട് പൊലീസ് കയ്യേറ്റം ചെയ്‌തെന്ന്  യോഗേന്ദ്ര യാദവ്; ഫോണ്‍ തട്ടിപ്പറിച്ചു, കര്‍ഷക സമരത്തില്‍ പങ്കെടുപ്പിച്ചില്ലെന്നും ആരോപണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ തന്നെ തമിഴ്‌നാട് പൊലീസ് അനധികൃതമായി തടവിലാക്കിയെന്ന് യോഗേന്ദ്ര യാദവ്. തിരുവണ്ണാമലയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കാനെത്തവേയാണ് പൊലീസ് കയ്യേറ്റം ചെയ്ത് ഫോണ്‍ പിടിച്ചുവാങ്ങിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എട്ടുവരി ദേശീയ പാതയ്‌ക്കെതിരായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനെത്തിയ തന്നെയും സംഘത്തെയും ഉപദ്രവിച്ചത് തമിഴ്‌നാട്ടിലെ പൊലീസ്ഭരണത്തിന്റെ ഒന്നാമത്തെ ഉദാഹരണമാണ് എന്നും ട്വീറ്റില്‍ പറയുന്നു.


കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി യോഗേന്ദ്ര യാദവ് നേരത്തെ ജയ് കിസാന്‍ ആന്തോളന്‍ രൂപീകരിച്ചിരുന്നു. സേലം -ചെന്നൈ  ദേശീയ പാത എട്ടുവരിയാക്കുന്നതിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ കൃഷിയിടങ്ങള്‍ നശിക്കുമെന്ന കര്‍ഷകരുടെ ആശങ്ക മുതിര്‍ന്ന ജില്ലാ ഓഫീസറുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് തന്നെ അറസ്റ്റ്‌ ചെയ്തതെന്നും അദ്ദേഹം ട്വിറ്ററില്‍ വെളിപ്പെടുത്തി. സമര പരിപാടിയില്‍ പങ്കെടുക്കാന്‍ പൊലീസ് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിന് യോഗേന്ദ്രയാദവിന് അനുമതി നല്‍കിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. സേലം- ചെന്നൈ ദേശീയ പാത എട്ടുവരിയാക്കുന്നതിനെതിരെ കര്‍ഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വലിയ പ്രക്ഷോഭമാണ് തിരുവണ്ണാമലയില്‍ നടന്നു വരുന്നത്. 10,000 കോടി രൂപയാണ് പദ്ധതിയ്ക്കായി വിലയിരുത്തിയിരിക്കുന്നത്. 

 2015 ല്‍ എഎപി നേതാവ്  അരവിന്ദ് കെജ്രിവാളിനെതിരെ പ്രവര്‍ത്തിച്ചതിന് യോഗേന്ദ്രയാദവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് ശേഷം സ്വരാജ് ഇന്ത്യ എന്ന സംഘടന  രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു