ദേശീയം

പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം; ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. പതിനൊന്നു വര്‍ഷം മുമ്പുതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും നടപ്പാക്കാന്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് കോടതി വിമര്‍ശിച്ചു.

ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരും പിന്‍സീറ്റ് യാത്രക്കാരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് വ്യക്തമാക്കി 2007ല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. അന്ന് ഉത്തരവ് ഇറക്കുകയും ഇക്കാര്യം അറിയിച്ച് പത്രപ്രസ്താവന നല്‍കുകയും ചെയ്തതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ജസ്റ്റിസുമാരായ എസ് മണികുമാര്‍, സുബ്രഹ്മണ്യന്‍ പ്രസാദ് എന്നിവര്‍ വിമര്‍ശിച്ചു. ഉത്തരവ് നടപ്പാക്കാനെടുത്ത നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കെകെ രാജേന്ദ്രന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി.

റോഡ് അപകടങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും പിന്‍സീറ്റ് യാത്രക്കാര്‍ക്കും തലയ്ക്കു ഗുരുതരമായ പരിക്ക് ഏല്‍ക്കുന്നുണ്ട്. വണ്ടി ഓടിക്കുന്നവരോ പിന്‍സീറ്റ് യാത്രക്കാരോ നിയമത്തെക്കുറിച്ച് ബോധവാന്മാരാകണം എന്നില്ല, സുരക്ഷയ്ക്ക് അവര്‍ വേണ്ടത്ര മുന്‍ഗണന കൊടുക്കണം എന്നുമില്ല. എന്നാല്‍ സര്‍ക്കാരിന്റെ കാര്യം അങ്ങനെയല്ല. സുരക്ഷാ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍്ക്കാര്‍ വീഴ്ച വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 

കാര്‍ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്