ദേശീയം

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല; ഐപിസി 497 സുപ്രിം കോടതി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് സുപ്രിം കോടതി റദ്ദാക്കി. വിവാഹേതര ലൈംഗിക ബന്ധത്തിന് സ്ത്രീക്കു ഭര്‍ത്താവിന്റെ അനുമതി വേണമെന്നു വ്യവസ്ഥ ചെയ്യുന്ന വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

പുരുഷന്‍ വിവാഹിത ആയ സ്ത്രീയുമായി അവരുടെ ഭര്‍ത്താവിന്റെ സമ്മതമോ അറിവോ ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പുരുഷന് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് 497-ാം വകുപ്പ്. ഈ വകുപ്പു പ്രകാരം പുരുഷന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാം എങ്കിലും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീക്ക് എതിരെ കേസ് എടുക്കാനാവില്ല. കുറ്റകാരന്‍ ആണെന്ന് തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെയാണ് ഈ വകുപ്പു പ്രകാരമുള്ള ശിക്ഷ. 

ഭരണഘടന ഉറപ്പുതരുന്ന തുല്യതയുടെ ലംഘനാണ്, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പെന്ന് സുപ്രിം കോടതി ചരിത്രപരമായ വിധിയില്‍ ചൂണ്ടിക്കാട്ടി. സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണുള്ളത്. ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല. സ്ത്രീകളുടെ അന്തസ്സിനു കളങ്കം വരുത്തുന്നതും ഏകപക്ഷീയവുമാണ് 497-ാം വകുപ്പെന്ന് ജസ്റ്റിസ് ദീപക് മിശ്ര വിധിന്യായത്തില്‍ വ്യക്തമാക്കി.

സമൂഹം പറയുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീക്കു ബാധ്യതയില്ല. വിവാഹേതര ബന്ധത്തെ സാമൂഹ്യമായി ചൂണ്ടിക്കാണിക്കാനും വിവാഹമോചനത്തിനു കാരണമായി ഉയര്‍ത്തിക്കാട്ടാനുമാവും. എന്നാല്‍ അതിനെ ക്രിമിനല്‍ കുറ്റമായി കാണാനാവില്ല. അസന്തുഷ്ടമായ ദാമ്പത്യത്തിനു കാരണമല്ല, ചിലപ്പോള്‍ ഫലമാവാം വിവാഹേതര ബന്ധമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 

ശിക്ഷാ നിയമത്തിലെ 497ാം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മലയാളിയായ ജോസഫ് ഷൈന്‍ ആണ് സുപ്രിം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍േേഹാത്ര എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 

വിവാഹത്തിന്റെ പവിത്രത സംരക്ഷിക്കുകയാണ് ഈ വകുപ്പിന്റെ ലക്ഷ്യമെന്നും അതു നിലനിര്‍ത്തണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത