ദേശീയം

പ്ലസ് ടു പരീക്ഷയില്‍ തോറ്റത് മൂന്നരലക്ഷം പേര്‍; തെലുങ്കാനയില്‍ വിവാദം, പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്; തെലുങ്കാനയിലെ പ്ലസ് ടു (ഇന്റമീഡിയറ്റ്) പരീക്ഷയില്‍ മൂന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ തോറ്റ സംഭവം വിവാദത്തിലേക്ക്. പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ഇതിനോടകം 10 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഗുരുതര വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ജനപ്രതിനിധികളും ആരോപിക്കുന്നത്. ഒമ്പതുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ മൂന്നര ലക്ഷം പേരും തോല്‍ക്കുകയായിരുന്നു. 

ഉയര്‍ന്ന മാര്‍ക്കുള്ള കുട്ടികള്‍ പോലും തോറ്റതായാണ് കാണിക്കുന്നത്. 1000 മാര്‍ക്കുള്ളതില്‍ 900 ലഭിച്ച 11 വിദ്യാര്‍ഥികളും 850നും 900നും ഇടയില്‍ മാര്‍ക്ക് ലഭിച്ച 125 പേരും 750ന് മുകളില്‍ മാര്‍ക്കു ലഭിച്ച 2000 വിദ്യാര്‍ഥികളുമാണ് തോറ്റിരിക്കുന്നത്. ഇവരെല്ലാം ഒരു വിഷയത്തിന് മാത്രമാണ് തോറ്റിരിക്കുന്നത്. മുഴുവന്‍ പരീക്ഷയും എഴുതിയ ചില കുട്ടികള്‍ ചില വിഷയങ്ങളില്‍ ഹാജരായിട്ടില്ലെന്ന് പറഞ്ഞും തോല്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ തെലുങ്കില്‍ പൂജ്യം ലഭിച്ച വിദ്യാര്‍ഥിനി ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം ചെയ്തപ്പോള്‍ മാര്‍ക്ക് 99 ആയി. 

നാല് ദിവസമായി ഹൈദരാബാദിലെ ഇന്റര്‍മീഡിയറ്റ് ബോര്‍ഡ് ഓഫീസിനു മുന്നില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ രാപകല്‍ പ്രതിഷേധം സംഘടിപ്പിച്ചുവരികയാണ്. എബിവിപി, എന്‍എസ്‌യുഐ, എസ്എഫ്‌ഐ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയപാര്‍ട്ടി നേതാക്കന്മാരും ബോര്‍ഡ് ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി അറസ്റ്റ് വരിച്ചു. 

തോറ്റുപോയ മുഴുവന്‍ കുട്ടികളുടെയും ഉത്തരകടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം ചെയ്യണമെന്നും പരീക്ഷാഫലത്തില്‍ ഇത്രയധികം വീഴ്ച വരുത്തിയത്തിന് ബോര്‍ഡ് സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി എന്നിവരെ ഉടനെ മാറ്റണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ജഗ്ദീഷ് റെഡ്ഡി രാജിവെക്കണമെന്നും ആവശ്യമുണ്ട്. സംഭവത്തെക്കുറിച്ച് പഠിച്ചു കര്‍ശനമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി വിദ്യാഭ്യാസമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തരമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ മുന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കമ്മിറ്റിയെ നിയമിച്ചിരുന്നു. കമ്മിറ്റി വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ