ദേശീയം

കശ്മീര്‍ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്, ഒക്ടോബറില്‍ വാദം കേള്‍ക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. എട്ടു ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വരിക. കേസില്‍ ഒക്ടോബറില്‍ വാദം കേള്‍ക്കും.

ചീഫ് ജസ്റ്റി്‌സ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കശ്മീര്‍ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ തീരുമാനിച്ചത്. കേസില്‍ കേന്ദ്ര സര്‍ക്കാരിനും ജമ്മു കശ്മീര്‍ ഭരണകൂടത്തിനും നോട്ടീസ് അയയ്ക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചു.

നോട്ടീസ് അയയ്ക്കുന്നതിനെ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും എതിര്‍ത്തു. ഈ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നത് ദുരുപയോഗപ്പെടുത്താമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. രാജ്യാന്തര മാനങ്ങളുള്ള വിഷയമാണിത്. ഇവിടെ നടത്തുന്ന പ്രസ്താവനകള്‍ യുഎന്നില്‍ വരെ എത്താമെന്ന് തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. എന്നാല്‍ നോട്ടീസ് അയക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 

കശ്മീരില്‍ തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കി. രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തനെ കാണാനുള്ള അവകാശം തടയാനാവില്ലെന്നു വ്യക്തമാക്കിയാണ്, കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പു തള്ളി സുപ്രീം കോടതിയുടെ നടപടി.

കശ്മീരിലെ കേന്ദ്ര നടപടികളുടെ പശ്ചാത്തലത്തില്‍ തരിഗാമിയെക്കുറിച്ച് വിവരമൊന്നുമില്ലാത്ത പശ്ചാത്തലത്തില്‍ സീതാറാം യെച്ചൂരി ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ നാലിന് തരിഗാമിയുമായി ഫോണില്‍ സംസാരിച്ചെന്നും അതിനു ശേഷം വിവരമൊന്നുമില്ലെന്നും യെച്ചൂരി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനെ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും യെച്ചൂരി പറഞ്ഞു.

തരിഗാമിക്കു സെഡ് കാറ്റഗറി സുരക്ഷയുണ്ടെന്നു ചൂണ്ടിക്കാട്ടിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത യെച്ചൂരിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തു. ഏതു കാറ്റഗറി സുരക്ഷയുണ്ടായാലും രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശത്തെ എങ്ങനെയാണ് തടയാനാവുകയെന്ന് കോടതി ചോദിച്ചു. യെച്ചൂരിക്കു തരിഗാമിയെ സന്ദര്‍ശിക്കാമെന്നും എന്നാല്‍ അതു രാഷ്ട്രീയ സന്ദര്‍ശനമാക്കി മാറ്റരുതെന്നും കോടതി നിര്‍ദേശിച്ചു. 

യെച്ചൂരിയെ കശ്മീരിലേക്ക് കേന്ദ്ര പ്രതിനിധി അനുഗമിക്കാമെന്ന തുഷാര്‍ മേത്തയുടെ നിര്‍ദേശവും കോടതി അംഗീകരിച്ചില്ല. യെച്ചൂരി സ്വന്തം നിലയ്ക്കു തന്നെ കശ്മീരിലേക്കു പൊയ്‌ക്കൊള്ളുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. 

കശ്മീരിലെ മാധ്യമ നിയന്ത്രണത്തെ ചോദ്യം ചെയ്ത് അനുരാധാ ഭാസിന്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാനും സുപ്രീം കോടതി നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ