ദേശീയം

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല: മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. ഡിസംബര്‍ 9ന് രാത്രി 8മണിവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഏറ്റുമുട്ടല്‍ കൊലയില്‍ സംശയം പ്രകടിപ്പിച്ച് ഫയല്‍ ചെയ്ത ഹര്‍ജികളിലാണ് കോടതി വിധി. മുംബൈ ആസ്ഥാനാമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകരാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 

അതേസമയം, കൊല്ലപ്പെട്ട യുവതിയുടെ വസതിക്ക് മുന്നില്‍ നാട്ടുകാര്‍ പൊലീസിന് അഭിവാദ്യമര്‍പ്പിച്ച് മെഴുകുതിരികളുമായി പ്രകടനം നടത്തി. 'പൊലീസ് സിന്ദാബാദ്' വിളികളുമായാണ് പ്രദേശവാസികള്‍ പ്രകടനം നടത്തിയത്. 

ഇന്ന് രാവിലെ  5.45ഓടെയാണ് കേസിലെ പ്രധാന പ്രതികളായ നാലുപേരെ സൈബറാബാദ് പൊലീസ് വെടിവെച്ചു കൊന്നത്.  പ്രതികള്‍ തെളിവെടുപ്പിനിടെ കല്ലും വടിയും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നെന്നും ഇതേത്തുടര്‍ന്നാണ് വെടിവെച്ചതെന്നും സൈബറാബാദ് പൊലീസ് കമ്മിഷണര്‍ സിവി സജ്ജനാര്‍ പറഞ്ഞിരുന്നു. 

പൊലീസിന്റെ പക്കല്‍നിന്നു തോക്കു തട്ടിയെടുത്ത് ഇവര്‍ വെടിവച്ചപ്പോള്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് നാലു പേരും മരിച്ചതെന്ന് കമ്മിഷണര്‍ വിശദീകരിച്ചു.

പുലര്‍ച്ചെ 5.45ഓടെയാണ് പ്രതികളെ, സംഭവ സ്ഥലത്തേക്കു കൊണ്ടുപോയത്. ഇരയുടെ മൊബൈല്‍ ഫോണ്‍, പവര്‍ ബാങ്ക് എന്നിവ കണ്ടെടുക്കുന്നതിനായി ആയിരുന്നു പ്രതികളെ ഇവിടെ എത്തിച്ചത്. നാലു പ്രതികള്‍ക്കുമൊപ്പം പത്തു പൊലീസുകാര്‍ ഉണ്ടായിരുന്നു. പ്രതികളെ വിലങ്ങ് അണിയിച്ചിരുന്നില്ല. സംഭവ സ്ഥലത്തു വച്ച് പ്രതികള്‍ കല്ലും വടിയും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. പൊലീസിന്റെ പക്കില്‍നിന്നു രണ്ടു പേര്‍ തോക്കു പിടിച്ചുവാങ്ങി. പൂട്ടു മാറ്റിയ അവസ്ഥയില്‍ ആയിരുന്നു തോക്ക്. ഇതുപയോഗിച്ച് ആദ്യം വെടിവച്ചത് ഒന്നാം പ്രതി മുഹമ്മദ് ആരിഫ് ആയിരുന്നെന്ന് കമ്മിഷണര്‍ പറഞ്ഞു.

നാലുപേരോടും കീഴടങ്ങാന്‍ ആവശ്യപ്പെടുകയാണ് പൊലീസ് ആദ്യം ചെയ്തത്. എന്നാല്‍ അവര്‍ വെടിവയ്പു തുടരുകയായിരുന്നു. അപ്പോഴാണ് പൊലീസ് തിരിച്ചു വെടിവയ്ക്കാന്‍ നിര്‍ബന്ധിതരായതെന്നു കമ്മിഷണര്‍ പറഞ്ഞു. കല്ലും വടിയും കൊണ്ടുള്ള ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്കു പരുക്കുണ്ട്. ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കും കോണ്‍സ്റ്റബിളിനുമാണ് ഗുരുതരമായി പരുക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്. പൊലീസുകാരില്‍ ആര്‍ക്കും വെടിയേറ്റില്ല. 5.45നും 6.15നും ഇടയിലായിരുന്നു സംഭവം.

പ്രതികള്‍ നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ ഫോണും പവര്‍ ബാങ്കും മറ്റും കണ്ടെടുക്കാന്‍ സ്ഥലത്ത് എത്തിച്ചതെന്ന് കമ്മിഷണര്‍ വിശദീകരിച്ചു. ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ തീപ്പൊള്ളലേറ്റു മരിച്ച സമാനമായ സംഭവങ്ങളില്‍ ഇവര്‍ക്കുള്ള പങ്ക് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തെലങ്കാനയ്ക്കു പുറമേ ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ സമാനമായ കേസുകളില്‍ ഇവര്‍ക്കുള്ള പങ്കും അന്വേഷിക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച കമ്മിഷണര്‍ മനുഷ്യാവകാശ കമ്മിഷന് സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കുമെന്നും പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു