ദേശീയം

മോദിയെ വീഴ്ത്തി അടൽഘട്ടിലെ പടവുകൾ ; പടികൾ പൊളിച്ചുകളയാൻ സർക്കാർ

സമകാലിക മലയാളം ഡെസ്ക്

കാണ്‍പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിവീണ അടൽഘട്ടിന്റെ പടികൾ പൊളിച്ചുപണിയുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിലെ പടവുകളാണ് പൊളിച്ചുപണിയാന്‍ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചത്. പടവുകള്‍ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടി വീഴുന്നതിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്.

പടവുകളില്‍ ഒന്നിന് മറ്റൊന്നിനെ അപേക്ഷിച്ച് ഉയര വ്യത്യാസമുണ്ട്. ഇതാണ് പ്രധാനമന്ത്രി വീഴുന്നതിന് ഇടയാക്കിയത്. ഈ പടവിന്റെ നിര്‍മാണ പിഴവ് മൂലം നേരത്തെയും നിരവധി പേര്‍ വീണിരുന്നു. ഈ പടവ് പൊളിച്ചുമാറ്റി, മറ്റുള്ളവയ്ക്കു സമാനമായ രീതിയില്‍ പുനര്‍നിര്‍മിക്കുമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ സുധീര്‍ എം ബോബ്‌ഡെ പറഞ്ഞു.

അടല്‍ ഘട്ടിലെ ബോട്ട് ക്ലബ്ബിലേയ്ക്കുള്ള വഴിയിലാണ് ഈ പടവുകളുള്ളത്. നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ആണ് അടല്‍ ഘട്ട് പദ്ധതി നടപ്പാക്കിയത്. പടവുകള്‍, ശ്മശാനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് ഇത്. എല്ലാ പടവുകള്‍ക്കും ഒരേ ഉയരംവരുന്ന രീതിയില്‍ എത്രയും പെട്ടെന്ന് പടവുകള്‍ പൊളിച്ചുപണിയാന്‍ നിര്‍മാതാക്കളോട് നിര്‍ദേശിക്കുമെന്ന് ബോബ്‌ഡെ വ്യക്തമാക്കി.

പടവുകള്‍ക്കിടയില്‍ ഇരിക്കുന്നതിനും ആരതി നടത്തുന്നതിനും അല്‍പം സ്ഥലം ലഭ്യമാക്കണമെന്ന് ഭക്തർ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ അഭ്യർത്ഥന പരി​ഗണിച്ചാണ് പടവുകളില്‍ ഒന്ന് വ്യത്യസ്തമായ ഉയരത്തില്‍ നിര്‍മിച്ചതെന്ന് നിര്‍മാണ കമ്പനിയുടെ വിശദീകരണം. ആവശ്യമെങ്കില്‍ പടവുകള്‍ പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ തയ്യാറാണെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച നമാമി ഗംഗ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോഴാണ് മോദി അടല്‍ ഘട്ടിലെ പടവുകളില്‍ തട്ടിവീണത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം അപകടം സംഭവിച്ചില്ല. മോദിയുടെ വീഴ്ച മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം