ദേശീയം

മമത-സിബിഐ പോര് അക്രമത്തിലേക്ക്; ബംഗാളില്‍ ബിജെപി ഓഫീസ് അടിച്ചു തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്ത കമ്മീഷണറെ അറസ്റ്റ് ചെയ്യാനെത്തിയ സിബിഐ സംഘത്തെ പൊലീസ് തടഞ്ഞതിന് പിന്നാലെ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ ബംഗാളില്‍ അക്രമത്തിലേക്ക് വഴിമാറുന്നു. കൊല്‍ക്കത്തയില്‍ ബിജെപി ഓഫീസ് അടിച്ചുതകര്‍ത്തു. ഭബാനിപുരിലെ ഓഫീസാണ് അടിച്ചു തകര്‍ത്തത്. കമ്മീഷണരെ അറസ്റ്റ് ചെയ്യാന്‍ സിബിഐ എത്തിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി സമരം ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. അതേസമയം, സ്ഥിതിഗതികളെക്കുറിച്ച് ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി കേന്ദ്രസര്‍ക്കാരിന് രഹസ്യ റിപ്പോര്‍ട്ട് കൈമാറി. നേരത്തെ, ഗവര്‍ണര്‍ സംസ്ഥാന പൊലീസ് മേധാവിയോടും ചീഫ് സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടിയിരുന്നു. 

സിബിഐയ്ക്ക് എതിരെ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സിബിഐയില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടാണ് രാജീവ് കുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസുകള്‍ അനേഷിക്കുന്നതിന് തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് മമത സര്‍ക്കാരിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണം എന്ന്, ബംഗാളിലെ സാഹചര്യം വിശദീകരിച്ച് സിബിഐ ആവശ്യപ്പെട്ടു. ഇതു തള്ളിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നാളെ കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു.

സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് ആരംഭിച്ച് സത്യാഗ്രഹം എട്ടാംതീയതി വരെ തുടരാനാണ് മമതയുടെ തീരുമാനം. രാഷ്ട്കീയ വേട്ടയാടലമാണ് നടക്കുന്നതെന്ന് മമത ആരോപിച്ചു. ഒരു ഏജന്‍സിക്കും എതിരല്ല തങ്ങളുടെ സമരമെന്നും മോദി സര്‍ക്കാരന്റെ കടന്നുകയറ്റത്തിന് എതിരാണെന്നും മമത പറഞ്ഞു. 

ശാരദ ചിട്ടി തട്ടിപ്പ്, റോസ് വാലി തട്ടിപ്പു കേസുകളില്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി സിബിഐ എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടത്തം. കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളും ഫയലുകളും കാണാതായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് സിബിഐ പലതവണ സമന്‍സ് അയച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കൊല്‍ക്കത്തയിലെത്തിയത്. കമ്മീഷണറുടെ വസതി പരിശോധിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ പൊലീസ് തടഞ്ഞു.

ബംഗാള്‍ പൊലീസ് വളഞ്ഞ കൊല്‍ക്കത്തയിലെ സിബിഐ ഓഫീസിന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫ് ഏറ്റെടുത്തു. സിബിഐയുടെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാരാണ് സേനയെ വിന്യസിച്ചത്. ബംഗാള്‍ പൊലീസില്‍ നിന്ന് സുരക്ഷ വേണമെന്ന് സിബിഐ പേഴ്‌സണല്‍ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട ചുമതല കേന്ദ്രസേനകള്‍ക്കാണെന്ന ചട്ടത്തിന്റെ ബലത്തിലാണ് രാത്രിയോടെ കേന്ദ്രസേനയെ സിബിഐ ഓഫീസില്‍ വിന്യസിച്ചത്. കേന്ദ്രസേന എത്തിയതിന് പിന്നാലെ സിബിഐ ഓഫീസ് വളഞ്ഞ പൊലീസ് സേന പിന്‍വലിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്, വിശദാംശങ്ങള്‍

ചികിത്സാപ്പിഴവെന്ന് ആരോപണം; അർധരാത്രി രോ​ഗിയുടെ മൃതദേഹവുമായി മെഡിക്കൽ കോളജിന് മുന്നിൽ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം

വേനല്‍മഴ കനക്കുന്നു, ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്