ദേശീയം

തടസങ്ങള്‍ ഒഴിയാതെ വന്ദേഭാരത് എക്‌സ്പ്രസ്: കല്ലേറിന് പിന്നാലെ ട്രെയിന്‍ ബൈക്കില്‍ ഇടിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന് മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചു. ബുധനാഴ്ച രാവിലെ ട്രെയിനിനു നേരെ കല്ലേറുണ്ടായതിനു പിന്നാലെയാണ് വന്ദേഭാരത് മോട്ടോര്‍സൈക്കിളില്‍ ഇടിക്കുന്നത്. ഉത്തര്‍പ്രദേശിലെ തുണ്ട്‌ലയ്ക്കു സമീപത്ത് വെച്ചാണ് റെയില്‍ പാളത്തിലുണ്ടായിരുന്ന മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച് ട്രെയിനിന്റെ യാത്ര തടസ്സപ്പെട്ടത്. 

നേരത്തെയും പല കാരണങ്ങളാല്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്ര തടസപ്പെട്ടിരുന്നു. റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടയില്‍ തീവണ്ടി പാഞ്ഞുവരുന്നത് കണ്ട മോട്ടോര്‍ സൈക്കിള്‍ യാത്രികന്‍ വാഹനം ട്രാക്കില്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പാളത്തില്‍ കിടന്ന മോട്ടോര്‍ സൈക്കിളില്‍ എക്‌സ്പ്രസ് ഇടിച്ചാണ് ഗതാഗതം തടസപ്പെട്ടത്. 

ശക്തമായ ഇടിയില്‍ മോട്ടോര്‍സൈക്കിള്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും ട്രെയിനിന് കേടുപാടുകളൊന്നുമില്ല. സംഭവത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്നും നിശ്ചയിച്ച പ്രകാരംതന്നെ ട്രയിന്‍ യാത്ര തുടരുമെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെ ന്യൂഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലെ തുണ്ട്‌ല ജംങ്ഷന് സമീപം വെച്ച് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ ട്രെയിനിലെ ഒരു ജനല്‍ച്ചില്ല് തകര്‍ന്നു. മൂന്നാംതവണയാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരേ കല്ലേറുണ്ടായത്. നേരത്തെ പരീക്ഷണയോട്ടം നടത്തുന്നതിനിടെ 2018 ഡിസംബര്‍ 20നും ഫെബ്രുവരി രണ്ടിനും ട്രെയിനിന് നേരേ കല്ലേറുണ്ടായിരുന്നു. 

കൂടാതെ, വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തതിന്റെ രണ്ടാംദിനം ട്രെയിന്‍ വഴിയില്‍ കുടുങ്ങിയതും വാര്‍ത്തയായിരുന്നു. ബുധനാഴ്ച കല്ലേറുണ്ടായ തുണ്ട്‌ല ജംങ്ഷന് സമീപത്തുവെച്ചു തന്നെയാണ് അന്ന് ബ്രേക്ക് ജാമായി ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത്. ട്രാക്കിലേക്ക് കയറിയ പശുവിനെ ഇടിച്ചപ്പോള്‍ ട്രെയിനിന്റെ ബ്രേക്ക് ജാമാവുകയും ചക്രങ്ങള്‍ തെന്നിമാറുകയും ചെയ്തു. ഇതോടൊപ്പം നാലുകോച്ചുകളിലെ വൈദ്യുതി നിലച്ചത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തിരുന്നു. അന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് യാത്ര പുനരാരംഭിക്കാനായത്.

ഫെബ്രുവരി 15നാണ് സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ്ഓഫ് ചെയ്തത്. 18 മാസം കൊണ്ട് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ട്രെയിനില്‍ രണ്ട് എക്‌സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പെടെ 16 എ.സി. കോച്ചുകളാണുള്ളത്. ഡല്‍ഹിവാരണാസി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനില്‍ ഒരേസമയം 1128 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍