ദേശീയം

മൂക്കില്‍ ട്യൂബുമിട്ട്  മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍

സമകാലിക മലയാളം ഡെസ്ക്

പനാജി : അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാവിലെ ഓഫീസിലെത്തി. മൂക്കിലൂടെ ട്യൂബുമിട്ടാണ് പരീക്കര്‍ ഓഫീസിലെത്തിയത്. സ്പീക്കര്‍, മന്ത്രിമാര്‍, ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. നാലുമാസത്തിനിടെ ആദ്യമായാണ് ഇദ്ദേഹം ഓഫീസിലെത്തുന്നത്.

പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിതനായ മനോഹര്‍ പരീക്കര്‍ അമേരിക്കയില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് രാജ്യത്ത് തിരിച്ചെത്തിയ പരീക്കര്‍ ഡല്‍ഹി എയിംസില്‍ വീണ്ടും പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ പരീക്കര്‍ക്ക് ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. 

രാവിലെ 10.45 ഓടെയാണ് പരീക്കറുടെ വാഹനം സെക്രട്ടേറിയറ്റ് വളപ്പിലേക്ക് എത്തിയത്. നിയമസഭ സ്പീക്കര്‍ പ്രമോദ് സാവന്ത്, മന്ത്രിമാരായ മൗവിന്‍ ഗോഡിഞ്ഞോ, മിലിന്ദ് നായിക്, നിലേഷ് ഛബ്രാള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ബിജെപി എംഎല്‍എമാരും, സെക്രട്ടേറിയറ്റ് വളപ്പിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും മനോഹര്‍ പരീക്കര്‍ക്ക് ചുറ്റും തടിച്ചുകൂടി. 

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ മനോഹര്‍ പരീക്കര്‍ മുതിര്‍ന്ന മന്ത്രിമാരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന് പേഴ്‌സണല്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ഭരണപരമായ കാര്യങ്ങള്‍ അദ്ദേഹം ചോദിച്ച് മനസ്സിലാക്കി. പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒഴിവുകള്‍ നികത്തല്‍, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയവയും ചര്‍ച്ചയായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

2018 ആഗസ്റ്റിലാണ് മനോഹര്‍ പരീക്കര്‍ അവസാനമായി മന്ത്രിസഭായോഗത്തിനെത്തിയത്. ചികില്‍സയ്ക്കായി മുംബൈയിലേക്ക് മാറ്റുന്നതിന് മുമ്പായിരുന്നു അത്. ചികില്‍സയ്ക്ക് ശേഷം പനാജിയില്‍ തിരിച്ചെത്തിയിട്ടും വീട്ടിലിരുന്നായിരുന്നു ഭരണകാര്യങ്ങള്‍ നോക്കിയിരുന്നത്. 

പരീക്കര്‍ ഓഫീസിലെത്താതിരുന്നതോടെ, സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. റാപേല്‍ ഇടപാടിലെ കള്ളി പുറത്താകും എന്നതുകൊണ്ടാണ് പരീക്കറെ മാറ്റാത്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഗോവയിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പരീക്കര്‍ സ്ഥാനം ഒഴിയുന്നതില്‍ ബിജെപി കേന്ദ്രനേതൃത്വം മടിക്കുന്നത്. പരീക്കറെ മാറ്റിയാല്‍ സര്‍വ സമ്മതനായ നേതാവിനെ കണ്ടെത്തുക പ്രയാസമാണെന്നും, അത് ഭരണം നഷ്ടമാകാന്‍ കാരണമാകുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തല്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്