ദേശീയം

ട്രക്ക് സമാജ് വാദി പാര്‍ട്ടി നേതാവിന്റേത് ; അപകടത്തില്‍ ദുരൂഹതയേറുന്നു ; ബിജെപി നേതാവ് ഭീഷണിപ്പെടുത്തുന്നുവെന്ന് ചീഫ് ജസ്റ്റിസിന് പെണ്‍കുട്ടി അയച്ച കത്ത് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഉന്നാവോയില്‍ ബിജെപി എംഎല്‍എയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. അപകടത്തിന് ഇടയാക്കിയ ട്രക്ക് സമാജ് വാദി പാര്‍ട്ടി നേതാവിന്റെയാണെന്ന് കണ്ടെത്തി. എസ് പി നേതാവ് നന്ദുപാലിന്റെ മൂത്ത സഹോദരന്‍ ദേവേന്ദര്‍ പാലിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രക്ക്. ഇതോടെ കേസില്‍ ദുരൂഹതയേറുകയാണ്. 

ഇതിനിടെ ബിജെപി എംഎല്‍എയുടെ സഹോദരനും അനുചരന്മാരും ഭീഷണിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയും കുടുംബവും സുപ്രിംകോടതിയില്‍ നല്‍കിയ പരാതിയും പുറത്തുവന്നു. രണ്ടാഴ്ച മുമ്പ്, ജൂലൈ 12 നാണ് പെണ്‍കുട്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരന്‍ മനോജ് സിങും കൂട്ടാളികളും വീട്ടിലെത്തി, പീഡനക്കേസില്‍ നിന്നും പിന്മാറണമെന്നും അല്ലെങ്കില്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ജൂലൈ 7, 8 തീയതികളില്‍ ഉണ്ടായ സംഭവങ്ങളും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകുമെന്ന് സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസുകാരും ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ അമ്മാവനും വെളിപ്പെടുത്തിയിട്ടുണ്ട്. 

ഉന്നാവോ സംഭവം പ്രതിപക്ഷം പാര്‍ലമെന്റിലും ഉന്നയിച്ചു. അപകടത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ വിശദീകരണം നല്‍കണമെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. എന്നാല്‍ അപകടം രാഷ്ട്രീയവല്‍ക്കരിക്കേണ്ടെന്നും, സിബിഐ അന്വേ,ണം നടക്കുകയാണെന്നും പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി മറുപടി നല്‍കി. തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെച്ചു. ഉന്നാവോ സംഭവത്തില്‍ എസ് പി, തൃണമൂല്‍ പാര്‍ട്ടികള്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു.  

ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ലക്‌നൗവില്‍ പെണ്‍കുട്ടിയുടെ ജീവന്‍ സുരക്ഷിതമല്ലെന്നും, പെണ്‍കുട്ടിയെ ഉടന്‍ ഡല്‍ഹിക്ക് മാറ്റണമെന്നും ഡല്‍ഹി വനിതാകമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടേയും അഭിഭാഷകന്റെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ട്. ലക്‌നൗവിലെ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് എന്തും സംഭവിക്കാമെന്നും സ്വാതി മലിവാള്‍ പറഞ്ഞു.

പെണ്‍കുട്ടിയും കുടുംബവും റായ്ബറേലിയില്‍ ജയിലിലുള്ള അമ്മാവനെ കാണാന്‍ പോകുന്നതിനിടെ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചിരുന്നു. അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍, സഹോദരന്‍ എന്നിവടക്കം എട്ടുപേര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ