ദേശീയം

ബംഗാളില്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി; മമതയ്‌ക്കെതിരെ പ്രതിഷേധം; മാപ്പുപറയണമെന്നാവശ്യം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍നിന്ന് മര്‍ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കൊളേജിലെ 69 ഡോക്ടര്‍മാര്‍ രാജിവെച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി സമരത്തിനെതിരെയെടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി.  വിവാദ പരാമര്‍ശം പിന്‍വലിച്ച് മമത മാപ്പുപറയണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. 

സമരം നടത്തുന്ന ഡോക്ടര്‍മാരോട് നാല് മണിക്കൂറിനുള്ളില്‍ സമരം നിര്‍ത്തിവെച്ച് ജോലിക്ക് കയറണമെന്നും അല്ലാത്ത പക്ഷം ഹോസ്റ്റലുകള്‍ ഒഴിയേണ്ടി വരുമെന്ന് മമത പറഞ്ഞിരുന്നു. പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി എയിംസ്, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ ഒരു ദിവസത്തേക്ക് ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച രാത്രിയാണ് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ എന്‍ആര്‍എസില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചതും തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറായ പരിബാഹ മുഖര്‍ജിയെ ക്രൂരമായി മര്‍ദിച്ചതും. ആക്രമണത്തില്‍ പരിബാഹയുടെ തലയോടിന് പൊട്ടലേറ്റിട്ടുണ്ട്. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

മതിയായ സുരക്ഷ ഉറപ്പുവരുത്താതെ തിരികെ ജോലിയില്‍ പ്രവേശിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ഇത് അവര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അറിയിച്ചിട്ടുമുണ്ട്. അതേസമയം സമരത്തിനു പിന്നില്‍ ബിജെപിയും സിപിഎമ്മും ആണെന്നും അവര്‍ ഹിന്ദുമുസ്‌ലിം രാഷ്ട്രീയം കളിക്കുകയാണെന്നും മമത ആരോപിച്ചു. മമതയുടെ അനന്തരവനും കൊല്‍ക്കത്തയിലെ കെപിസി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയുമായ അബേഷ് ബാനര്‍ജിയും ഡോക്ടര്‍മാരുടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

രാജ്യത്തെ മുഴുവന്‍ ഡോക്ടര്‍ സംഘടനകളോടും സമരത്തില്‍ പങ്കുചേരാന്‍ എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സേവനങ്ങള്‍ക്ക് മുടക്കമുണ്ടാകില്ലെന്ന് എയിംസ് മെഡിക്കല്‍ സൂപ്രണ്ട് ഡികെ ശര്‍മ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും കറുത്ത ബാഡ്ജ് ധരിക്കാനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മഹാരാഷ്ട്രാ അസോസിയേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് സംസ്ഥാനത്ത് ഇന്ന് ഒരുദിവസത്തെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒ പി, വാര്‍ഡ് സേവനങ്ങള്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചു വരെ നിര്‍ത്തിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അടിയന്തര സേവനങ്ങള്‍ക്ക് മുടക്കമുണ്ടാകില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഹൈദരാബാദില്‍ നിസാം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരും പ്രതിഷേധം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും