ദേശീയം

നിശബ്ദ പ്രചാരണത്തില്‍ സമൂഹ മാധ്യമങ്ങളും സൈലന്റാവും , രാഷ്ട്രീയ പരസ്യങ്ങള്‍ നീക്കം ചെയ്യും ; പെരുമാറ്റച്ചട്ടത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹമാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടമായി. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് ഫേസ്ബുക്ക് , ട്വിറ്റര്‍, വാട്ട്‌സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ ഉള്‍പ്പടെ യാതൊരു തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളും അനുവദിക്കുന്നതല്ല. അത്തരം ഉള്ളടക്കങ്ങള്‍  പ്രത്യക്ഷപ്പെട്ടല്‍ ഉടനടി നീക്കം ചെയ്യുമെന്നും സമൂഹ മാധ്യമങ്ങള്‍ തയ്യാറാക്കിയ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. രാഷ്ട്രീയ പരസ്യങ്ങള്‍ അബദ്ധത്തില്‍ കടന്നുകൂടിയാല്‍ പരമാവധി മൂന്ന് മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണമെന്നും ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് മുതല്‍ ചട്ടങ്ങള്‍ പാലിച്ചായിരിക്കും സമൂഹ മാധ്യമങ്ങളുടെ പ്രവര്‍ത്തനമെന്നും പ്രതിനിധികള്‍ ഉറപ്പ് നല്‍കി. സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമിതിയുടെ വിലയിരുത്തലിനും അംഗീകാരത്തിനും ശേഷം മാത്രമേ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയുള്ളൂ. നോഡല്‍ ഓഫീസറുടെ അനുമതി ലഭിക്കാതെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒന്നും പ്രസിദ്ധീകരിക്കില്ലെന്ന് യൂട്യൂബും ഗൂഗിളും വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇംഗ്ലീഷിലും ഹിന്ദിയിലും, മറ്റ് പ്രാദേശിക ഭാഷകളും പ്രത്യേക ഉദ്യോഗസ്ഥരെയും ടീമിനെയും നിയമിക്കുമെന്നും യൂട്യൂബ് അറിയിച്ചു.

 കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തെ തുടര്‍ന്നാണ് പെരുമാറ്റച്ചട്ടം കമ്പനികള്‍ സ്വയം തയ്യാറാക്കിയത്. 1951 ലെ ജനകീയ പ്രാതിനിധ്യ നിയമം പാലിക്കുന്ന തരത്തിലാവും സമൂഹ മാധ്യമങ്ങളുടെയും പ്രവര്‍ത്തനമെന്ന് ഉറപ്പ് വരുത്തുമെന്നും കമ്പനികള്‍ വ്യക്തമാക്കി. നിശബ്ദ പ്രചാരണവേളയില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കൊപ്പം ഇ- ലോകവും നിശബ്ദത പാലിക്കുമെന്നും സമൂഹ മാധ്യമങ്ങളുടെ തലവന്‍മാര്‍ പറയുന്നു. ഇതാദ്യമായാണ് ഓണ്‍ലൈന്‍ ക്യാമ്പെയിനുകള്‍ക്ക് പെരുമാറ്റച്ചട്ടം ബാധകമാക്കുന്നത്. 

സ്വയം നിയന്ത്രിക്കാനുള്ള സമൂഹ മാധ്യമങ്ങളുടെ ചട്ടങ്ങള്‍ നല്ല തുടക്കമാണെന്നും തെരഞ്ഞെടുപ്പ് സുതാര്യതയോടെയും ബാഹ്യ സ്വാധീനങ്ങള്‍ ഇല്ലാതെയും നടത്താന്‍ സഹായിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.

90 കോടിയോളം ജനങ്ങളാണ് ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തുക. മെയ് 23 നാണ് ഫലപ്രഖ്യാപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും