ദേശീയം

ജാമ്യത്തിലിറങ്ങി നടക്കുന്നവരാണ് കാവല്‍ക്കാരെ അപമാനിക്കുന്നത്; നെഹ്‌റു കുടുംബത്തിന് ജനക്ഷേമത്തില്‍ ഒരുകാലത്തും താത്പര്യമുണ്ടായിട്ടില്ലെന്ന്‌ മോദി

സമകാലിക മലയാളം ഡെസ്ക്

വെസ്റ്റ് സിയാങ്‌: ജയിലില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരാണ് കാവല്‍ക്കാരെ അപമാനിക്കാന്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണാചല്‍പ്രദേശിലെ ആലോയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പേരെടുത്ത് പറയാതെയുള്ള മോദിയുടെ വിമര്‍ശനം. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഒളിയമ്പ്.

ഭരണമുണ്ടായിരുന്ന കാലത്ത് ഡല്‍ഹിയില്‍ ഇരുന്ന് നികുതി വെട്ടിച്ചും കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്തും സ്വന്തം സ്ഥാപനങ്ങള്‍ക്ക് പണം അനുവദിച്ചെന്നും പ്രതിരോധ ഇടപാടുകളില്‍ പണം കമ്മീഷന്‍ ഇനത്തില്‍ കൈപ്പറ്റിയെന്നും മോദി ആരോപിച്ചു. കോടതിയുടെ ഔദാര്യത്തില്‍ ലഭിച്ച ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ട് കാവല്‍ക്കാരെ അപമാനിക്കുകയാണ് നെഹ്‌റു കുടുംബം ചെയ്യുന്നതെന്നും മോദി പറഞ്ഞു.

അരുണാചല്‍പ്രദേശിനെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അപമാനിച്ചുവെന്നും മറ്റുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ വികസനം പോലും അരുണാചലിലേക്ക് എത്തിയിട്ടില്ലെന്നും മോദി പറഞ്ഞു. നെഹ്‌റു കുടുംബം സ്വയം സമ്പന്നരാവാനാണ് ശ്രമിച്ചത്. ജനങ്ങളുടെ ക്ഷേമത്തില്‍ അല്‍പ്പം പോലും ശ്രദ്ധ ചെലുത്തിയില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ശാസ്ത്രജ്ഞര്‍ നേട്ടം കൈവരിക്കുമ്പോള്‍ കോണ്‍ഗ്രസ് അവരെ പരിഹസിച്ചു. ഭീകരവാദികളുടെ ഭാഷയിലാണ് അവര്‍ സംസാരിക്കുന്നതെന്നും പാകിസ്ഥാനെ മഹത്വവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇതാദ്യമായാണ് അരുണാചല്‍ പ്രദേശില്‍ മോദി എത്തുന്നത്. അസമില്‍ രണ്ട് റാലികള്‍ കൂടി മോദിക്ക് പൂര്‍ത്തിയാക്കാനായുണ്ട്. 25 സീറ്റുകളാണ് ലോക്‌സഭയിലേക്ക് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി ബിജെപി പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍