ദേശീയം

ബംഗാളിലെ കുടിയേറ്റക്കാരെ പുറത്താക്കും: അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കുടിയേറ്റവിരുദ്ധ പ്രസ്താവനയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. അധികാരത്തിലെത്തിയാല്‍ ബംഗാളിലും ദേശീയ പൗരത്വരജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുമെന്നും കടന്നുകയറ്റക്കാരെ തിരഞ്ഞുപിടിച്ച് അടിച്ചുപുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയാണ് അമിത് ഷാ മമതാ ബാനര്‍ജിക്കെതിരെയും കുടിയേറ്റക്കാര്‍ക്കെതിരെയും ആഞ്ഞടിച്ചത്.

ഉത്തരബംഗാളിലെ ആലിപുര്‍ദ്വാര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജോണ്‍ ബര്‍ലയുടെ പ്രചാരണയോഗത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. ബംഗാളില്‍ 23 സീറ്റില്‍ തങ്ങള്‍ ജയം ഉറപ്പിച്ചെന്നും ഷാ അവകാശപ്പെട്ടു. രാജ്യത്തെ സംബന്ധിച്ചെന്നപോലെത്തന്നെ ബംഗാളിനും ഈ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണെന്ന് ഷാ പറയുന്നു.

'തൃണമൂലിന്റെ ഭീകരതയില്‍നിന്ന് ഈ സംസ്ഥാനത്തെ നരേന്ദ്രമോദി മോചിപ്പിക്കും. മമത ചെവിതുറന്ന് കേട്ടോളൂ, ഞങ്ങളുടെ എത്ര പ്രവര്‍ത്തകരെ നശിപ്പിച്ചാലും ശരി, ഇത്തവണ ഞങ്ങള്‍തന്നെയാണ് ജയിക്കുക''- അമിത് ഷാ വെല്ലുവിളിച്ചു.

''മദ്രസകള്‍ക്ക് നാലായിരംകോടി കൊടുത്തു. എന്നാല്‍, ഉന്നതവിദ്യാഭ്യാസത്തിന് പണം നീക്കിവെക്കാനില്ല. സംസ്ഥാനമൊട്ടുക്ക് ഉറുദു ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നു. ഇമാമുമാര്‍ക്ക് പ്രതിമാസ അലവന്‍സ് കൊടുക്കുന്നുണ്ട്. പൂജാരിമാര്‍ക്ക് കൊടുക്കുന്നില്ല. എന്‍ആര്‍സി നടപ്പായാല്‍ അഭയാര്‍ഥികളെയും പുറന്തള്ളുമെന്ന് മമത കള്ളംപറയുകയാണ്. 

ഹിന്ദു, സിഖ്, ബുദ്ധ മതവിശ്വാസികളായ അഭയാര്‍ഥികളെ ആരെയും പുറന്തള്ളില്ല. അവര്‍ ഇവിടെ സുരക്ഷിതരായിരിക്കും. മമതാദീദി, നിങ്ങളുടെ സമയം കഴിഞ്ഞിരിക്കുന്നു. ഇനി ഇവിടെ ദുര്‍ഗാപൂജ നടത്തുന്നതില്‍നിന്ന് ബംഗാളികളെ ആര്‍ക്കും തടയാനാവില്ല''- അമിത് ഷാ പറയുന്നു. മമത ബംഗാളിന്റെ സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്ന് പറഞ്ഞ അമിത് ഷാ ബംഗാളില്‍ ജനാധിപത്യം പുലരണോ വേണ്ടയോ എന്ന് ഈ തിരഞ്ഞെടുപ്പ് വിധിയെഴുതുമെന്നും കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍