ദേശീയം

'സയനൈഡ് പ്രസാദം' നല്‍കി കൊന്നുതള്ളിയത് 10 പേരെ ; ജോളിയെ വെല്ലുന്ന 'സയനൈഡ് കില്ലര്‍' പിടിയില്‍ ; ഹിറ്റ്‌ലിസ്റ്റില്‍ 20 പേര്‍കൂടി ; ഞെട്ടിത്തരിച്ച് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : കോഴിക്കോട് കൂടത്തായിയില്‍ ജോളി എന്ന വീട്ടമ്മ കുടുംബാംഗങ്ങളായ ആറുപേരെ പൊട്ടാസ്യം സയനൈഡ് എന്ന മാരക വിഷം നല്‍കി കൊലപ്പെടുത്തിയ വാര്‍ത്ത നാം ഏറെ ഞെട്ടലോടെയാണ് കേട്ടത്. 14 വര്‍ഷം കൊണ്ടായിരുന്നു ജോളി തന്റെ ഇരകളെ ഇല്ലാതാക്കിയത്. എന്നാല്‍ ജോളിയേക്കാള്‍ വലിയ സയനൈഡ് കില്ലറെ പൊലീസ് പിടികൂടിയിരിക്കുകയാണ്.

ആന്ധ്രപ്രദേശിലെ ഏളൂരു പൊലീസാണ് സീരിയല്‍ കില്ലറെ അറസ്റ്റ് ചെയ്തത്. വെല്ലാങ്കി സിംഹാദ്രി എന്ന ശിവ (38 )യാണ് അറസ്റ്റിലായത്. 20 മാസത്തിനിടെ 10 പേരെയാണ് ശിവ പൊട്ടാസ്യം സയനൈഡ് നല്‍കി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണ, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി ജില്ലകളിലുള്ളവരാണ് ഇയാള്‍ക്ക് ഇരകളായത്. 2018 ഫെബ്രുവരി മുതലാണ് ശിവ കൊലപാതക പരമ്പരയ്ക്ക് തുടക്കമിടുന്നത്. രണ്ടുമാസത്തില്‍ ഒരാള്‍ എന്നതായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് വ്യക്തമാക്കി.

മുത്തശ്ശി, സഹോദരഭാര്യ, ശിവയുടെ വീട്ടുടമസ്ഥ, രാജമുന്ദ്രിയിലെ പുരുഷോത്തപട്ടനം ആശ്രമത്തിലെ മതപുരോഹിതന്‍ ശ്രീരാമകൃഷ്ണാനന്ദ തുടങ്ങിയവര്‍ ശിവയുടെ ഇരകളാണ്. പിടിയിലാകുമ്പോള്‍, അടുത്തതായി കൊല്ലാന്‍ പദ്ധതിയിട്ട 20 ഓളം പേരുടെ പട്ടിക ശിവയുടെ പക്കലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇപ്പോല്‍ ഇയാള്‍ പിടിയിലായിരുന്നില്ലെങ്കില്‍, രാജ്യം കണ്ട വന്‍ കൂട്ടക്കൊലയാകും ഇയാള്‍ നടത്തുകയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

സമ്പത്ത് ഇരട്ടിയാക്കിത്തരാമെന്നും, നിധി കണ്ടെത്തിത്തരാമെന്നും പ്രലോഭിപ്പിച്ച്, ഇരകളെ ആകര്‍ഷിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തന്റെ പക്കല്‍ പ്രത്യേക ശക്തിയുള്ള (മാഗ്നറ്റിക്) ധാന്യങ്ങളുണ്ടെന്നും, മാന്ത്രിക നാണയങ്ങളുണ്ടെന്നും, ഇരട്ടത്തലയന്‍ സര്‍പ്പമുണ്ടെന്നും, ഇതുവഴി സമ്പത്ത് ഇരട്ടിയാക്കാമെന്നും, മാറാവ്യാധികള്‍ മാറ്റാനാകുമെന്നും ശിവ ഇരകളെ വിശ്വസിപ്പിച്ചുപോന്നു.

ഇത് വിശ്വസിച്ചെത്തുന്നവരോട്, തങ്ങളുടെ പക്കലുള്ള പണവും ആഭരണങ്ങളുമടക്കം എല്ലാം പൂജകള്‍ക്കായി കൊണ്ടുവരാന്‍ ആവശ്യപ്പെടും. ആളൊഴിഞ്ഞ പ്രദേശത്ത് ആഭരണങ്ങളും പണവുമായി എത്തുന്നവര്‍ക്ക് ശിവ സയനൈഡ് കലര്‍ത്തിയ പ്രസാദം നല്‍കുകയായിരുന്നു ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. വാച്ച് മാനായിരുന്ന ശിവ പിന്നീട് സ്ഥലംവില്‍പ്പനയിലേക്ക് (റിയല്‍ എസ്റ്റേറ്റ് ഡീലര്‍) മാറി. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനിറങ്ങിയ ശിവയ്ക്ക് വന്‍ നഷ്ടമാണ് നേരിട്ടത്. ഇതോടെ, ഈ നഷ്ടം മറികടക്കുക ലക്ഷ്യമിട്ടാണ്, ശിവ ഈ കൂട്ടക്കുരുതി ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നതെന്ന് ഏളൂരു പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍