ദേശീയം

ഫോണ്‍ ചോര്‍ത്താം; പൊലീസിന് നല്‍കുന്ന മൊഴിയും ഇനി തെളിവ്; വിവാദ നിയമത്തില്‍ രാഷ്ട്രപതി ഒപ്പുവച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ചോര്‍ത്തിയെടുത്ത ഫോണ്‍ സംഭാഷണങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ അനുവാദം നല്‍കുന്ന ഗുജറാത്തിലെ വിവാദ നിയമത്തില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഈ നിയമമനുസരിച്ച് ഫോണ്‍ സംഭാഷണങ്ങളും പൊലീസ് ഓഫീസര്‍മാര്‍ക്ക് മുന്‍പാകെയുള്ള കുറ്റസമ്മത മൊഴികളും കോടതികളില്‍ തെളിവായി സ്വീകരിക്കാം. മുന്‍ രാഷ്ട്രപതിമാരായ അബ്ദുല്‍ കലാമും പ്രതിഭാ പാട്ടീലും നിരാകരിക്കുകയും പ്രണബ് മുഖര്‍ജി വിശദീകരണം തേടുകയും ചെയ്ത ഗുജറാത്ത് ഭീകര സംഘടിത കുറ്റകൃത്യ വിരുദ്ധ ബില്ലാണ് (കണ്‍ട്രോള്‍ ഓഫ് ടെററിസം ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബില്‍) രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇപ്പോള്‍ അംഗീകരിച്ചത്.

ഈ നിയമപ്രകാരം അറസ്റ്റിലാകുന്ന ആള്‍, എസ്പി റാങ്കില്‍ കുറയാത്ത ഒരു പൊലീസ് ഓഫീസര്‍ക്ക് നല്‍കുന്ന കുറ്റസമ്മത മൊഴി കോടതിയില്‍ തെളിവായി സ്വീകരിക്കും. മജിസ്‌ട്രേട്ടിനു മുന്നില്‍ നല്‍കുന്ന മൊഴിയാണ് നിലവില്‍ തെളിവായി സ്വീകരിച്ചിരുന്നത്. ചോര്‍ത്തിയെടുത്തതോ റെക്കോഡ് ചെയ്തതോ ആയ ഫോണ്‍ സംഭാഷണങ്ങളും കോടതിയില്‍ തെളിവായി സ്വീകരിക്കാം.

കുറ്റപത്രം നല്‍കാന്‍ ഇപ്പോഴത്തെ പരമാവധി കാലയളവായ മൂന്ന് മാസത്തില്‍ നിന്ന് ആറ് മാസം വരെ സാവകാശം ഈ നിയമം പൊലീസിന് നല്‍കുന്നു. കുറ്റാരോപിതന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാനുള്ള അവസരം പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഉറപ്പു വരുത്തുന്നുണ്ട്. സംഘടിത കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്ത് സര്‍ക്കാരിന് കണ്ടുകെട്ടാം. വിചാരണയ്ക്ക് പ്രത്യേക കോടതി വേണം. ഉത്തമ വിശ്വാസത്തില്‍ നടത്തുന്ന അന്വേഷണങ്ങള്‍ സര്‍ക്കാരിനെതിരെ നിയമ നടപടിക്ക് ഉപയോഗിക്കാനാവില്ലെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ 2003ലാണ് ആദ്യം ഗുജറാത്ത് നിയമസഭ ബില്ലിന് അനുമതി നല്‍കിയത്. 2004ല്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം ബില്‍ തിരിച്ചയച്ചു. ഫോണ്‍ ചോര്‍ത്തലിലായിരുന്നു എതിര്‍പ്പ്. ഈ വ്യവസ്ഥ റദ്ദാക്കി നിയമസഭ വീണ്ടും ബില്‍ പരിഗണനയ്ക്ക് വെച്ചു. എന്നാല്‍ 2008ല്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലും തിരിച്ചയച്ചു. പൊലീസ് ഓഫീസര്‍ക്ക്് നല്‍കുന്ന മൊഴി തെളിവാക്കുന്നതിലായിരുന്നു എതിര്‍പ്പ്. 2009ല്‍ നിയമസഭ വീണ്ടും ബില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചെങ്കിലും ഒപ്പു വച്ചില്ല.

അതിനിടെ 2015 മാര്‍ച്ചില്‍ പഴയ വ്യവസ്ഥകളെല്ലാം ഉള്‍പ്പെടുത്തി ബില്‍ വീണ്ടും രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. പ്രണബ് മുഖര്‍ജി ആഭ്യന്തര മന്ത്രാലയത്തോട് കൂടുതല്‍ വിശദീകരണം തേടി. ഇന്ത്യന്‍ തെളിവ് നിയമം, ടെലികോം നിയമം എന്നിവയ്ക്ക് വിരുദ്ധമാണോയെന്നായിരുന്നു ആശങ്ക. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചു നിന്നു. ഇപ്പോള്‍ പുതിയ രാഷ്ട്രപതിയാണ് ബില്ലിന് അംഗീകാരം നല്‍കുന്നത്.

''പ്രധാനമന്ത്രിയുടെ സ്വപ്നം പൂവണിഞ്ഞിരിക്കുന്നു.'' അനുമതിയുടെ വിവരം അറിയിച്ച സംസ്ഥാന ആഭ്യന്തര സഹമന്ത്രി പ്രദീപ് സിങ് ജഡേജ പറഞ്ഞു. ഭീകരവാദത്തിന് പുറമെ വാടകക്കൊല, മയക്കുമരുന്ന് ഇടപാട് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെയും നിയമം ഉപയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. സാക്ഷികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നുണ്ട്. ഭരണഘടനാ വിരുദ്ധമെന്നും ഇന്ത്യന്‍ തെളിവ് നിയമത്തിന് എതിരെന്നും ആരോപിച്ച് പ്രതിപക്ഷം തുടക്കം മുതലേ ഈ നിയമത്തെ എതിര്‍ത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ