ദേശീയം

മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ ?; കോണ്‍ഗ്രസ് -എന്‍സിപി -ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന നേതാക്കള്‍ ഒരുമിച്ച് ഇന്ന് ഗവര്‍ണറെ കാണും. വൈകീട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കര്‍ഷക പ്രശ്‌നങ്ങളില്‍ ഗവര്‍ണറുടെ ശ്രദ്ധക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍ രാഷ്ട്രീയ സഖ്യം രൂപീകരിച്ച് പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറായ സാഹചര്യത്തില്‍, പുതിയ സഖ്യത്തെക്കുറിച്ച് അറിയിക്കാനാണ് സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ടുണ്ട്.  മഹാരാഷ്ട്രയില്‍ എന്‍സിപി ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്ന വരെ ഭരിക്കുമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രിസ്ഥാനത്തിന്റെ പേരില്‍ എന്‍ഡിഎയില്‍ നിന്ന് പുറത്തുവന്ന ശിവസേനയുടെ അന്തസ് സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണ്. അതിനാല്‍ മുഖ്യമന്ത്രി അവരുടേതായിരിക്കുമെന്നും മുതിര്‍ന്ന എന്‍സിപി നേതാവ് നവാബ് മാലിക്കും പറഞ്ഞു.അതേസമയം പൊതു മിനിമം പരിപാടിയുടെ കരടിന് അന്തിമ രൂപം നല്‍കാന്‍ സോണിയാ ഗാന്ധിയും ശരദ് പവാറും നാളെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. യോഗശേഷം നിര്‍മായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

സഖ്യസര്‍ക്കാരിന് പിന്തുണ തേടി ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും സോണിയാഗാന്ധിയെ ടെലഫോണില്‍ വിളിച്ചിരുന്നു. കൂടാതെ ഉടന്‍ തന്നെ ഉദ്ധവ് ഡല്‍ഹിയില്‍ നേരിട്ടെത്തി സോണിയയുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. സഖ്യ സര്‍ക്കാരിന് സാധ്യത തെളിഞ്ഞാല്‍ കോണ്‍ഗ്രസ് കൂടി മന്ത്രിസഭയില്‍ ചേരണമെന്നും ഉദ്ധവ് അഭ്യര്‍ത്ഥിച്ചേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്