ദേശീയം

165 എംഎല്‍എമാരുടെ പിന്തുണ; ത്രികക്ഷി സഖ്യം രാജ്ഭവനില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ, ഭൂരിപക്ഷം തെളിയിക്കുന്ന കത്തുമായി ത്രികക്ഷി സഖ്യം ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ സമീപിച്ചു. അശോക് ചവാന്‍, ജയന്ത് പാട്ടീല്‍, ഏക്‌നാഥ് ഷിന്‍ഡെ തുടങ്ങിയ നേതാക്കാളാണ് രാജ്ഭവനിലെത്തിയത്. 165 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് സഖ്യകക്ഷികള്‍ അവകാശപ്പെടുന്നത്. പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് സുപ്രീംകോടതിയിലും സഖ്യം സമര്‍പ്പിക്കും.

അജിത് പവാറിനൊപ്പം പോയ നാല് എംഎല്‍എമാര്‍ കൂടി തിങ്കളാഴ്ച രാവിലെ എന്‍സിപി ക്യാമ്പിലെത്തിയിരുന്നു. ഡല്‍ഹിയില്‍ നിന്നാണ് ഇവര്‍ മുംബൈയിലെ ഹോട്ടല്‍ ഹായത്തിലെത്തിയത്. നിലവില്‍ അജിത് പവാറിനൊപ്പം ഒരു എംഎല്‍എ മാത്രമാണുള്ളത്. 54 എംഎല്‍എമാരാണ് എന്‍സിപിക്കുള്ളത്. ഇതില്‍ 52പേരും ശരദ് പവാറിനൊപ്പമെത്തി എന്നാണ് വിവരം. അജിത് പവാറിനെ കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കിയ ബിജെപി നീക്കത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

എന്‍സിപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ നാഷണലിസ്റ്റ് സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ദോഹന്റെയും നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ധീരജ് ശര്‍മ്മയുടെയും ഇടപെടല്‍ കാരണമാണ് ഇവര്‍ തിരികെയെത്തിയത് എന്ന് വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചരടുവലികള്‍ക്ക് ഏറെ പരിചതനായ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറും ഇന്ന് മുംബൈയിലേക്കെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തങ്ങള്‍ക്കൊപ്പം 154 എംഎല്‍എമാരുണ്ടെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ത്രികക്ഷി സഖ്യം ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. സത്യവാങ്മൂലത്തില്‍ ഒപ്പുവച്ചിരിക്കുന്ന എട്ടുപേര്‍ സ്വതന്ത്രരാണ് എന്നാണ് സൂചന. നേരത്തെ സ്വതന്ത്ര എംഎല്‍എമാര്‍ എല്ലാവരും തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു.

രാവിലെ 10.30നാണ് ഹര്‍ജി പരിഗണിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ സുപ്രീംകോടതി പരിശോധിക്കും. ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണര്‍ നല്‍കിയ കത്തും, ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് നല്‍കിയ കത്തുമാണ് കോടതി പരിശോധിക്കുന്നത്. 10.30ന് കോടതി ചേരുന്നതിന് മുമ്പ് കത്തുകള്‍ ഹാജരാക്കണം എന്നാണ് നിര്‍ദേശം. ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി റദ്ദു ചെയ്യുക, 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ്ശിവസേനഎന്‍സിപി സഖ്യം കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ