ദേശീയം

സ്പീക്കര്‍ പദവിയില്ല, കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി അടക്കം 13 മന്ത്രി സ്ഥാനം ; ഉദ്ധവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും രാഹുല്‍ഗാന്ധി വിട്ടുനില്‍ക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ : മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കാര്യം തീരുമാനമോയതോടെ, മന്ത്രിസ്ഥാനങ്ങള്‍ വീതം വെക്കുന്നതിന്റെ അന്തിമവട്ട ചര്‍ച്ചകളിലാണ് സഖ്യകക്ഷികളായ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും. ഉപമുഖ്യമന്ത്രിസ്ഥാനം അടക്കം 13 മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പീക്കര്‍ സ്ഥാനം വേണമെന്ന ആവശ്യത്തിലും കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് സൂചന.

ഒമ്പത് ക്യാബിനറ്റ് മന്ത്രി, നാല് സഹമന്ത്രി പദവികള്‍ കോണ്‍ഗ്രസിന് നല്‍കാമെന്നാണ് ധാരണയായിട്ടുള്ളത്. ക്യാബിനറ്റ് മന്ത്രി സ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, വിജയ് നംദേവ്‌റാവു വഡേറ്റിവാര്‍, യശോമതി താക്കൂര്‍, നാനാ പഠോലെ, വര്‍ഷ ഗെയ്ക്ക്‌വാദ്, അമിന്‍ പട്ടേല്‍, അമിത് ദേശ്മുഖ്, ബുണ്ടി പാട്ടീല്‍, വിശ്വജിത്ത് കദം, കെ സി പദ്‌വി എന്നിവരാണ് പരിഗണനയിലുള്ളത്.

കോണ്‍ഗ്രസിന്റെ ഉപമുഖ്യമന്ത്രിയായി സഭയിലെ മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ബാലാസഹേബ് തോറാട്ട് ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ തോറാട്ട് വ്യക്തമാക്കിയിരുന്നു. എന്‍സിപി നിയമസഭാ കക്ഷിനേതാവായ ജയന്ത് പാട്ടീലായിരിക്കും മറ്റൊരു ഉപമുഖ്യമന്ത്രി.

അതേസമയം നാളെ നടത്തുന്ന ഉദ്ധവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കില്ലെന്നാണ് സൂചന. ശിവസേന സഖ്യസര്‍ക്കാരുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും അകന്നു നില്‍ക്കുകയാണ് രാഹുല്‍ഗാന്ധി. മഹാരാഷ്ട്ര വിഷയം പാര്‍ലമെന്റില്‍ സംഘര്‍ഷഭരിതമായപ്പോഴും, രാഹുല്‍ അകന്നുനിന്നത് ശ്രദ്ധേയമായിരുന്നു. അതേസമയം സോണിയാഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയ പ്രമുഖരെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ജനങ്ങല്‍ ആഗ്രഹിച്ച പുതിയ സര്‍ക്കാരാണ് നാളെ ചുമതലയേല്‍ക്കുന്നത്. മുന്നണി രാഷ്ട്രീയത്തില്‍ പുതിയ ഉത്തരവാദിത്തമാണ് ജനങ്ങള്‍ ഏല്‍പ്പിച്ചുനല്‍കിയിട്ടുള്ളത്. ഇത് മഹാരാഷ്ട്രയിലേക്ക് മാത്രമല്ല. ഞങ്ങളുടെ സൂര്യയാന്‍ മഹാരാഷ്ട്ര മന്ത്രാലയത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഈ സൂര്യയാന്‍ ഡല്‍ഹിയില്‍ സംഭവിച്ചാലും അത്ഭുതപ്പെടേണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു