ദേശീയം

ഉച്ചഭക്ഷണത്തിന് ഉപ്പും ചപ്പാത്തിയും; മാധ്യമപ്രവര്‍ത്തകനെ പിന്തുണച്ച് പാചകക്കാരിയും ഗ്രാമീണരും രംഗത്ത് 

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും നല്‍കിയെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെ പിന്തുണച്ച് സ്‌കൂളിലെ പാചക തൊഴിലാളിയും ഗ്രാമീണരും രംഗത്ത്. രുക്മിണീ ദേവിയെന്ന തൊഴിലാളിയാണ് മാധ്യമപ്രവര്‍ത്തകന്‍ പവന്‍ കുമാര്‍ ജയ്‌സ്വാളിന് പിന്തുണയുമായെത്തിയത്. 

മാധ്യമപ്രവര്‍ത്തകന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അദ്ദേഹത്തെ കുടുക്കുകയായിരുന്നു. പ്രധാനാധ്യാപകന്‍ മുരളീലാലിന്റെ നേതൃത്വത്തിലാണ് മാധ്യമ പ്രവര്‍ത്തകനെ കുടുക്കിയത്. കുട്ടികള്‍ക്ക് നല്ലതുവരാന്‍ വേണ്ടിയാണ് അദ്ദേഹം റൊട്ടിയും ഉപ്പും വിളമ്പുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്നും അവര്‍ പറഞ്ഞു. 

ഗ്രാമീണരും മാധ്യമപ്രവര്‍ത്തകനെ അനുകൂലിച്ച് രംഗത്തെത്തി. പല ദിവസങ്ങളിലും റൊട്ടിയുടെ പകുതി മാത്രമേ കുട്ടികള്‍ക്ക് നല്‍കാറുള്ളൂ. കുട്ടികള്‍ക്കായി കൊണ്ടുവരുന്ന പാലും പച്ചക്കറികളും ധാന്യങ്ങളും പ്രധാനാധ്യാപകന്‍ തട്ടിയെടുക്കുന്നതായും ഗ്രാമീണര്‍ ആരോപിച്ചു.

കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് നല്‍കേണ്ട ഭക്ഷണത്തിന്റെ മുഴുവന്‍ ക്വാട്ടയും സ്‌കൂളില്‍ ലഭിക്കാറുണ്ട്. എന്നാല്‍ വിതരണം ചെയ്യാറില്ല. പലപ്പോഴും പാലില്‍ വെള്ളം ചേര്‍ത്താണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നതെന്നും രുക്മിണീ ദേവി പറഞ്ഞു. ഒരാഴ്ചക്ക് രണ്ടരക്കിലോ ഉരുളക്കിഴങ്ങും 250 ഗ്രാം എണ്ണയുമാണ് നല്‍കിയിരുന്നത്. ഒരുമാസത്തില്‍ രണ്ട് തവണയെങ്കിലും കുട്ടികള്‍ക്ക് വെറും ഉപ്പ് കൂട്ടിയാണ് റൊട്ടിയോ ചോറോ നല്‍കിയിരുന്നതെന്നും രുക്മിണീ ദേവി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മിര്‍സാപുരിലെ സിയുരി വില്ലേജിലെ പ്രൈമറി സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും നല്‍കിയത്. സംഭവം വാര്‍ത്തയായതോടെ മാധ്യമപ്രവര്‍ത്തകനെതിരെ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരുന്നു. ഗ്രാമമുഖ്യനും മാധ്യമപ്രവര്‍ത്തകനും ചേര്‍ന്ന് ഗൂഢാലോചന നടത്തി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്