ദേശീയം

'ദയ യാചിക്കില്ല, ഔദാര്യത്തിന് ഇരക്കില്ല', ആ ട്വീറ്റുകള്‍ പൗരന്റെ കടമ: പ്രശാന്ത് ഭൂഷണ്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന് കുറ്റക്കാരനെന്നു കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ മാപ്പു പറയില്ലെന്ന്, സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യറിയെ വിമര്‍ശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തതെന്നും അതു തന്റെ കടമയായി കരുതുന്നുവെന്നും കോടതിയില്‍ വായിച്ച പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കേസില്‍ ശിക്ഷ തീരുമാനിക്കുന്നതിന് വാദം തുടങ്ങി.

കോടതിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് താന്‍ ശ്രമിച്ചതെന്നും അതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിനു കുറ്റക്കാരനാക്കുന്നതില്‍ വേദനയുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ശിക്ഷിക്കപ്പെടും എന്നതിലല്ല താന്‍ വേദനിക്കുന്നത്, അതിയായി തെറ്റിദ്ധരിക്കപ്പെട്ടതിലാണ്. ഒരു തെളിവും മുന്നോട്ടുവയ്ക്കാതെ, താന്‍ ജുഡീഷ്യറിയെ നിന്ദയോടെ ആക്രമിച്ചു എന്നു കോടതി കണ്ടെത്തിയതില്‍ തനിക്കു നിരാശയുണ്ട്. ''സ്വമേധയാ നോട്ടീസ് അയക്കുന്നതിന് ആധാരമായ പരാതിയുടെ പകര്‍പ്പുപോലും എനിക്കു നല്‍കേണ്ട കാര്യമില്ലെന്നാണ് കോടതി തീരുമാനിച്ചത്. സത്യവാങമൂലത്തില്‍ ഞാന്‍ വ്യക്തതയോടെ പറഞ്ഞ കാര്യങ്ങളോടു പ്രതികരിക്കേണ്ടതില്ലെന്നും കോടതിക്കു തോന്നി.''- ഭൂഷണ്‍ പറഞ്ഞു.

തന്റെ ട്വീറ്റുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈ സുപ്രധാനമായ തൂണിന്റെ അസ്ഥിവാരമിളക്കുന്നതാണെന്ന കോടതിയുടെ കണ്ടെത്തല്‍ വിശ്വസിക്കാന്‍ കഴിയാത്തതാണ്. ഒരു കാര്യം ഞാന്‍ പറയാം, ആ രണ്ടു ട്വീറ്റുകള്‍ എന്റെ അടിയുറച്ച ബോധ്യമാണ്, ഏതു ജനാധിപത്യവും അതു പറയാനുള്ള സ്വാതന്ത്ര്യം അനുവദിക്കേണ്ടതുണ്ട്.  ജുഡീഷ്യറിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് പൊതുസമൂഹത്തിന്റെ പരിശോധനകള്‍ കൂടിയേ തീരൂ. ഭരണഘടനാക്രമം പരിപാലിക്കാന്‍ അത് ആവശ്യമാണ്.

''രാജ്യത്തിന്റെ ചരിത്രത്തിലെ ഈ ഘട്ടത്തില്‍ കര്‍ത്തവ്യ നിര്‍വഹകണത്തിനുള്ള എളിയ ശ്രമം മാത്രമാണ് എന്റെ ട്വീറ്റുകള്‍. വ്യക്തമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്ത ട്വീറ്റുകളുടെ പേരില്‍ മാപ്പു പറയുന്നത് ആത്മാര്‍ഥതയില്ലായ്മയാവും'' ഭൂഷണ്‍ പറഞ്ഞു.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വിചാരണയ്ക്കിടെ പറഞ്ഞതു തന്നെയാണ് തനിക്കു പറയാനുള്ളതെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. ''ഞാന്‍ ദയ യാചിക്കില്ല, ഔദാര്യത്തിന് ഇരക്കില്ല. കോടതി കുറ്റകരമെന്നും ഞാന്‍ പൗരന്റെ ഉന്നതമായ ഉത്തരവാദിത്വമെന്നും കരുതുന്ന കാര്യത്തിന്റെ പേരില്‍ ഏതു ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കാന്‍ ഞാന്‍ തയാറാണ്''

ശിക്ഷാവാദം മറ്റൊരു ബെഞ്ചില്‍ കേള്‍ക്കണമെന്ന പ്രശാന്ത് ഭൂഷണന്റെ ആവശ്യം കോടതി തള്ളി. റിവ്യൂവില്‍ തീരുമാനമാവുന്നതുവരെ വാദം മാറ്റിവയ്ക്കണമന്ന ആവശ്യവും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അനുവദിച്ചില്ല. ശിക്ഷ പ്രഖ്യാപിച്ചാല്‍ റിവ്യൂവിനു ശേഷമേ നടപ്പാക്കൂ എന്ന് ബെഞ്ച് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്