ദേശീയം

ആഗോളതലത്തില്‍ ചിന്തിക്കുന്ന ബഹുമുഖ പ്രതിഭ; മോദിയെ പുകഴ്ത്തി ജസ്റ്റിസ് അരുണ്‍ മിശ്ര

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര. ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട ദീര്‍ഘദര്‍ശിയാണ് മോദിയെന്ന്  അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ ചിന്തിക്കുകയും തദ്ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ജുഡീഷ്യല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങിലെ നന്ദി പ്രസംഗത്തിലാണ് ജസ്റ്റിസ് മിശ്ര നരേന്ദ്ര മോദിയെ പുകഴ്ത്തിയത്. 

'അന്തസ്സോടെയുള്ള മനുഷ്യ നിലനില്‍പ്പാണ് നമ്മുടെ പ്രഥമ ഉദ്ദേശ്യം. ഈ കോണ്‍ഫറന്‍സിന്റെ അജണ്ട എന്തായിരിക്കണം എന്നതിന് ഉത്‌പ്രേരകമാകുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. ആഗോള തലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയായ നരേന്ദ്ര മോദിയോടു ഞങ്ങള്‍ നന്ദി പറയുന്നു.'- ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. 

'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. വിജയകരമായി ഈ ജനാധിപത്യം പ്രവര്‍ത്തിക്കുന്നതില്‍ മനുഷ്യര്‍ക്കെല്ലാം അദ്ഭുതമാണ്. നരേന്ദ്ര മോദിയുടെ കീഴില്‍, രാജ്യാന്തര സമൂഹത്തില്‍ ഉത്തരവാദിത്തവും സൗഹാര്‍ദവുമുള്ള അംഗമാണ് ഇപ്പോള്‍ ഇന്ത്യ. ഭീകരതയില്ലാത്ത, സമാധാനവും സുരക്ഷയുമുള്ള ലോകത്തിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.' വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും മുഖ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സഹകരണത്തോടെ 1500 കാലഹരണപ്പെട്ട നിയമങ്ങളെങ്കിലും എടുത്തുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് എന്‍ വി രമണ, അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു എന്നിവര്‍ വേദിയിലുണ്ടായിരുന്നു.സുപ്രീംകോടതി ജഡ്ജിമാരുടെ സീനിയോറിറ്റിയില്‍ മൂന്നാമതാണ് അരുണ്‍ മിശ്ര. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ