ദേശീയം

ഡല്‍ഹി സംഘര്‍ഷം: മരിച്ചവരുടെ എണ്ണം ഏഴായി; എട്ടുപേരുടെ നില ഗുരുതരം, വീണ്ടും കല്ലേറ്, അമിത് ഷാ-കെജരിവാള്‍ കൂടിക്കാഴ്ച ഉച്ചയ്ക്ക്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി വിഷയത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. സംഘര്‍ഷത്തില്‍ 56പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ടു പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇന്ന് രാവിലെയും മൗജ്പൂരിലും ബ്രഹ്മപുരിയിലും കല്ലേറുണ്ടായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും യോഗത്തില്‍ പങ്കെടുക്കും.

സംഘര്‍ഷം കണക്കിലെടുത്ത് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സംഘര്‍ഷ മേഖലകളിലെ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്ന് കെജരിവാള്‍ പറഞ്ഞു. നഗരത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാവരോയും അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. എഎപി നേതാക്കള്‍ ലഫ്. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് കഴിഞ്ഞ ദിവസം രാത്രി സംഘര്‍ഷമുണ്ടായത്. ഇവര്‍ പര്‌സപരം കല്ലെറിയുകയും വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിടുകയുമായിരുന്നു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഡല്‍ഹി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ഭജന്‍പുര, മൗജ്പുര്‍,ജാഫറബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനിടെ ഡല്‍ഹിയിലുണ്ടാകുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹിയിലേക്ക് എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രദേശത്ത് അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു. ഡല്‍ഹി മെട്രോയുടെ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്‌റി എന്‍ക്ലേവ്, ശിവ് വിഹാര്‍ സ്‌റ്റേഷനുകള്‍ അടച്ചിട്ടുണ്ട്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.മുഹമ്മദ് ഷാരൂഖ് എന്നയാളാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിനിടെ ഇയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തതായി ഡല്‍ഹി പൊലീസ് ആരോപിച്ചു. അതിനിടെ ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ഡല്‍ഹി ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പരാതി നല്‍കി. മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘര്‍ഷം മരണസംഖ്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല