ദേശീയം

നേതാവിന് മന്ത്രിസ്ഥാനമില്ല, പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ത്ത് പ്രതിഷേധം ; മഹാരാഷ്ട്രയില്‍ എന്‍സിപിക്ക് പിന്നാലെ കോണ്‍ഗ്രസിലും അമര്‍ഷം പുകയുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ : മഹാരാഷ്ട്രയില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതിനെച്ചൊല്ലി എന്‍സിപിക്ക് പിന്നാലെ കോണ്‍ഗ്രസിലും പ്രതിഷേധം. കോണ്‍ഗ്രസ് എംഎല്‍എ സംഗ്രാം തോപ്‌തെയുടെ അനുയായികള്‍ ശിവാജിനഗറിലെ കോണ്‍ഗ്രസ് ഓഫീസ് തല്ലിത്തകര്‍ത്തു. ഇന്നലെ വൈകീട്ട് മുദ്രാവാക്യം വിളിച്ചെത്തിയ സംഘം കോണ്‍ഗ്രസ് ഭവന്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.

ഭോര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച സംഗ്രാം തോപ്‌തെ, മുന്‍മന്ത്രി അനന്ത് റാവു തോപ്‌തെയുടെ മകനാണ്. മന്ത്രിസഭാ വികസനത്തില്‍ ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍ മന്ത്രിസാഥനത്തേക്ക് സംഗ്രാമിനെ പരിഗണിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം.

വടിയും കമ്പിയും അടക്കമേന്തി മുദ്രാവാക്യം വിളിച്ചെത്തിയ സംഘം കോണ്‍ഗ്രസ് ഓഫീസിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഓഫീസിലെ കസേരകള്‍, മേശകള്‍, ചില്ലുഗ്ലാസ്സുകള്‍, കംപ്യൂട്ടറുകള്‍, ടെലിവിഷന്‍ തുടങ്ങിയവയെല്ലാം തല്ലിത്തകര്‍ത്തു. സിറ്റി പാര്‍ട്ടി ചീഫ് രമേഷ് ബാഗ്‌വെയുടെ ഓഫീസ് റൂമും തകര്‍ത്തു.

സംഭവത്തില്‍ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ സംഗ്രാമിന് പുറമെ, മറ്റുപല കോണ്‍ഗ്രസ് നേതാക്കളും അതൃപ്തിയിലാണ്. മന്ത്രിമപദവിയിലേക്ക് നേതാക്കളുടെ മക്കളെ കൂടുതലായി പരിഗണിച്ചപ്പോള്‍, മുതിര്‍ന്ന നേതാക്കളെ തഴഞ്ഞു എന്ന പരാതിയാണ് ഉയരുന്നത്.  മുന്‍ മുഖ്യമന്ത്രി പ്രഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെ തഴഞ്ഞവരില്‍പ്പെടുന്നു.

അതേസമയം കോണ്‍ഗ്രസ് നേതാക്കളുടെ അനുയായികള്‍ അക്രമാസക്തരാകുകയും പാര്‍ട്ടി ഓഫീസ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ബാലാസാഹേബ് തോറാട്ട് ആശങ്ക പ്രകടിപ്പിച്ചു. അക്രമം നടത്തിയത് തെറ്റാണെന്നും, അപലപനീയമാണെന്നും സംഗ്രാം തോപ്‌തെ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയാക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി, എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കി കഴിഞ്ഞദിവസം രാജി പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും