ദേശീയം

ഇത് അടിച്ചമര്‍ത്തല്‍ ഭരണം; പുറത്തുവന്നത് യുവാക്കളുടെ രോഷം: സോണിയ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടിച്ചമര്‍ത്തലിന്റെ ഭരണം കേന്ദ്രസര്‍ക്കാര്‍ അഴിച്ചുവിട്ടതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിദ്വേഷം പരത്തുകയും വര്‍ഗീയ കാര്‍ഡിറക്കി ജനങ്ങളെ ദിന്നിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രക്ഷോഭം രാജ്യമൊട്ടാകെ വ്യാപിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചുകൂട്ടി സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

രാജ്യത്ത് മുന്‍പ് കാണാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അവര്‍ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. അക്രമങ്ങള്‍ സാധാരണമായിട്ടും ഇത് പരിഹരിക്കുന്നതിന് വേണ്ട ഒരു നടപടിയും സ്വീകരിക്കാതെ, പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുകയാണ് ഇരുവരും. പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നത് കാഴ്ചക്കാരെപ്പോലെ നോക്കിനില്‍ക്കുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

ജനങ്ങളുടെ പിന്തുണയോടെ യുവാക്കള്‍ നടത്തുന്ന ദേശവ്യാപക പ്രക്ഷോഭമാണ് സംഭവിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററുമാണ് ഇവരുടെ പെട്ടെന്നുളള പ്രതിഷേധത്തിന് കാരണമെങ്കിലും നീണ്ടകാലം നിലനിന്നിരുന്ന ദേഷ്യവും പിരുമുറക്കവുമാണ് ഇപ്പോള്‍ പുറത്തേയ്ക്ക് ഒഴുകുന്നത്. ഇതിനെതിരെയുളള ഉത്തര്‍പ്രദേശിലേയും ഡല്‍ഹിയിലേയും പൊലീസിന്റെ പ്രതികരണം നടുക്കുന്നതും വിഭാഗീയവുമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഭരിക്കാനുളള കഴിവില്ലായ്മ ഓരോദിവസവും തുറന്നുക്കാട്ടിയാണ് മോദി-ഷാ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തിരിച്ചടിച്ചതായാണ് ഓരോ ദിവസവും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഭരണഘടന അപകടത്തിലാണ്. ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ചുളള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ഭയത്തോടെയാണ് വിവിധ സര്‍വകലാശാലകളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന അക്രമസംഭവങ്ങളെ രാജ്യം ഉറ്റുനോക്കിയതെന്നും സോണിയ ഗാന്ധി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്