ദേശീയം

പവന്‍ കുമാറിന്റെ പുനപ്പരിശോധനാ ഹര്‍ജി തള്ളി; വധശിക്ഷ നാളെ? 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന ഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസിലെ പ്രതി പവന്‍ കുമാര്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എഎസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചേംബറിലാണ് റിവ്യൂ ഹര്‍ജി പരിഗണിച്ചത്. 

അതിനിടെ, നാളെ വധശിക്ഷ നടപ്പാക്കാനിരിക്കെ, മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി 
അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ ഇന്നു വിധി പറയും. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലാമനായ മുകേഷ് സിങ്ങിന്റെ എല്ലാ ഹര്‍ജികളും സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. 

മരണ വാറണ്ട് അനിശ്ചിതമായി സ്റ്റേ ചെയ്യണമെന്ന്, പ്രതികള്‍ക്കു വേണ്ടി ഹാജരായ എപി സിങ് ആവശ്യപ്പെട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ ഇവര്‍ ഭീകരര്‍ അല്ലെന്ന് എപി സിങ് പറഞ്ഞു.

ഒരു കേസില്‍ ഒന്നിലേറെപ്പേര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍, എല്ലാവരും നിയമപരമായി സാധ്യമായ പരിഹാര മാര്‍ഗങ്ങള്‍ തേടിയ ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്ന് ജയില്‍ ചട്ടം വ്യക്തമാക്കുന്നുണ്ടെന്ന് എപി സിങ് വാദിച്ചു. 

കുറ്റം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന ഹര്‍ജി തള്ളിയ വിധിക്കെതിരെ പവന്‍ കുമാര്‍ ഗുപ്ത സുപ്രീം കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയതും എപി സിങ് ചൂണ്ടിക്കാട്ടി. അക്ഷയ് കുമാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ഈ ഉത്തരവിന്റെ പകര്‍പ്പു ലഭിച്ചാലുടന്‍ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കാനിരിക്കുകയാണ്- എപി സിങ് പറഞ്ഞു. 

തൂക്കിലേറ്റാനുള്ള ഉത്തരവ് ഒരുമിച്ചുള്ളതാണെന്ന് മുകേഷ് സിങ്ങിന്റെ അഭിഭാഷക വൃന്ദാ ഗ്രോവര്‍ പറഞ്ഞു. ഈ ഉത്തരവ് വെവ്വേറെ നടപ്പാക്കാനാവില്ല. അതുകൊണ്ട് മുകേഷ് സിങ്ങിന്റെ വധശിക്ഷ മാത്രമായി നടപ്പാക്കരുത്. മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് വൃന്ദാ ഗ്രോവര്‍ ആവശ്യപ്പെട്ടു. ദയാഹര്‍ജി തള്ളിയതിന് എതിരായ ഹര്‍ജി സുപ്രീം കോടതിയും തള്ളിയതോടെ മുകേഷ് സിങ്ങിനു മുന്നില്‍ ഇനി നിയമപരമായ പരിഹാര മാര്‍ഗങ്ങളൊന്നും ബാക്കിയില്ല.

ദയാഹര്‍ജി നല്‍കിയിട്ടുള്ള വിനയ് ശര്‍മ ഒഴികെയുള്ളവരുടെ വധശിക്ഷ നടപ്പാക്കുന്നതിന് തടസ്സമില്ലെന്ന് പ്രോസിക്യൂട്ടര്‍ ഇ്ര്‍ഫാന്‍ അഹമ്മദ് കോടതിയെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്