ദേശീയം

സുന്ദരനായാലും ഇംഗ്ലീഷ് സംസാരിച്ചാലും മാത്രം പോരാ...; സച്ചിന്‍ പൈലറ്റിന് എതിരെ ഗെഹ്‌ലോട്ട്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: കോണ്‍ഗ്രസിനോട് ഉടക്കി നില്‍ക്കുന്ന സച്ചിന്‍ പൈലറ്റിന് എതിരെ രൂക്ഷ പ്രതികരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. 'നല്ലതുപോലെ ഇംഗ്ലീഷ് സംസാരിക്കുന്നതും നല്ല ബൈറ്റുകള്‍ നല്‍കുന്നതും സുന്ദരനാകുന്നതും മാത്രമല്ല കാര്യങ്ങള്‍, രാജ്യത്തിനും പ്രത്യയശാസ്ത്രത്തിനും വേണ്ടി എന്താണ് നിങ്ങളുടെ ഉള്ളിലുള്ളതെന്നതും പരിഗണിക്കപ്പെടും'- അദ്ദേഹം പറഞ്ഞു. 

സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെങ്കില്‍, ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ നിന്ന് എത്രയും വേഗം പുറത്തുവരണമെന്നും ജയ്പൂരിലുള്ള വീട്ടിലേക്ക് മടങ്ങിവരണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. 

അതേസമയം, സച്ചിന്‍ പൈലറ്റിനെയും കൂടെയുള്ള എംഎല്‍എമാരെയും അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് നടപടി തുടങ്ങി. അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് നിര്‍ദേശിച്ച് സ്പീക്കര്‍ സിപി ജോഷി സച്ചിനും മറ്റ് എംഎല്‍എമാര്‍ക്കും നോട്ടീസ് അയച്ചു.

വിപ്പ് ലംഘിച്ച് നിയമസഭാ കക്ഷിയോഗത്തില്‍നിന്നു വിട്ടുനിന്ന സച്ചിന്‍ പൈലറ്റിനെയും മറ്റുള്ളവരയെും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്കു കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

സച്ചിന്‍ പൈലറ്റും മറ്റ് പതിനെട്ട് എംഎല്‍എമാരുമാണ് യോഗത്തില്‍നിന്നു വിട്ടുനിന്നതെന്ന് കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. സച്ചിന്‍ പൈലറ്റിനെക്കൂടാതെ വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയും ഇന്നലെ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയിരുന്നു.

സച്ചിന്‍ പൈലറ്റിനെ പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയ പാര്‍ട്ടി ഗോവിന്ദ് സിങ് ദൊസ്താരയെ നിയമിച്ചിരുന്നു. പുതിയ അധ്യക്ഷന്റെ അനുമതിയില്ലാതെ ആരും മാധ്യമങ്ങളുമായി ആശയ വിനിമയം നടത്തരുതെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്