ദേശീയം

സച്ചിന്റെ വിമതനീക്കത്തിന് പിന്നില്‍ ഒമറിന്റെ മോചനമോ ? ആരോപണവുമായി കോണ്‍ഗ്രസ് ; തിരിച്ചടിച്ച് ഒമര്‍ അബ്ദുള്ള

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തിന് പിന്നില്‍ ഒമര്‍ അബ്ദുള്ളയുടെ മോചനമോ എന്ന ഛത്തീസ് ഗഡ് മുഖ്യമന്ത്രിയുടെ ആരോപണം വിവാദമാകുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ, സംസ്ഥാനത്തെ നേതാക്കളായ ഒമര്‍ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും ഒരേ വകുപ്പ് ചുമത്തി തടങ്കലിലാക്കിയിരുന്നു. പിന്നീട് ഒമറിനെ മാത്രം വിട്ടയച്ചതില്‍ ആശ്ചര്യമുണ്ടെന്നും, സച്ചിന്‍ പൈലറ്റിന്റെ ഭാര്യാസഹോദരന്‍ ആയതുകൊണ്ടാണോ എന്നുമായിരുന്നു ഛത്തീസ് ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഒരു അഭിമുഖത്തില്‍ ചോദിച്ചത്. 

ഈ പരാമര്‍ശം വിവാദമായതോടെ, പ്രതികരണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള രംഗത്തെത്തി. സച്ചിന്റെ വിമതനീക്കവുമായി തന്റെയും പിതാവ് ഫാറൂഖ് അബ്ദുള്ളയുടേയും മോചനവുമായി ബന്ധപ്പെടുത്തിയ ഭൂപേഷ് ബാഗേലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഒമര്‍ അബ്ദുള്ള മുന്നറിയിപ്പ് നല്‍കി.

'ഈ വര്‍ഷം ആദ്യം തടങ്കലില്‍ നിന്ന് ഞാനും എന്റെ പിതാവും മോചിതരായത് സച്ചിന്‍ പൈലറ്റ് ചെയ്യുന്ന കാര്യങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു എന്ന അപകീര്‍ത്തിപരവും അടിസ്ഥാനരഹിതവുമായ ആരോപണത്തില്‍ ഞാന്‍ അസ്വസ്ഥനാണ്. കഴിഞ്ഞതെല്ലാം കഴിഞ്ഞു, ഭൂപേഷ് ബാഗേല്‍ നിയമനടപടി നേരിടേണ്ടി വരും 'ഒമര്‍ ട്വീറ്റ് ചെയ്തു. 

ഇതിന് ട്വിറ്ററിലൂടെ തന്നെ ഭൂപേഷ് ബാഗേല്‍ മറുപടി നല്‍കി. ജനാധിപത്യത്തിന്റെ ഈ ദാരുണമായ മരണത്തെ ഒരു അവസരമായി ഉപയോഗിക്കാന്‍ ദയവായി ശ്രമിക്കരുത്, ആരോപണമായി ഒരു ചോദ്യം മാത്രമാണ് ചോദിച്ചത്. അത് ഞങ്ങള്‍ വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും. ബാഗേല്‍ വ്യക്തമാക്കി. 

ബാഗേലിന്റെ ഈ പ്രസ്താവനയ്ക്ക് വീണ്ടും ഒമര്‍ അബ്ദുള്ള മറുപടി നല്‍കി. 'നിങ്ങള്‍ക്ക് നിങ്ങളുടെ മറുപടി എന്റെ അഭിഭാഷകര്‍ക്ക് നല്‍കാം., ഇതാണ് ഇന്ന് കോണ്‍ഗ്രസിന് പറ്റിയിരിക്കുന്ന തെറ്റ്. നിങ്ങളെ എതിര്‍ക്കുന്നവരില്‍ പോലും നിങ്ങളുടെ സുഹൃത്തുക്കള്‍ ആരെന്ന് നിങ്ങള്‍ക്ക് അറിയില്ല. ഇതുകൊണ്ടാണ് നിങ്ങളുമായി ആളുകള്‍ ഇടയുന്നതെന്നും അദ്ദേഹം തിരിച്ചടിച്ചു

ഒമര്‍ അബ്ദുള്ളയുടെ സഹോദരി സാറയാണ് സച്ചിന്‍ പൈലറ്റിന്റെ ഭാര്യ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ഒമര്‍ അബ്ദുള്ളയും ഫാറൂഖ് അബ്ദുള്ളയുമടക്കമുള്ള രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയിരുന്നു. ഏഴ് മാസത്തെ തടങ്കലിന് ശേഷം മാര്‍ച്ചിലാണ് ഒമര്‍ അബ്ദുള്ളയെ മോചിപ്പിച്ചത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സച്ചിന്‍ ബിജെപി നേതൃത്വവുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു ഭൂപേഷ് ബാഗേലിന്റെ പ്രസ്താവന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്