ദേശീയം

ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 10 ലക്ഷം കടന്നു; രോഗം ഭേദമായവരുടെ എണ്ണത്തില്‍ കേരളം പിന്നില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയവര്‍ പത്തുലക്ഷം കടന്നു. 64.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ബുധനാഴ്ച രാത്രി രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. 

15,82,730 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ചത്. നിലവില്‍ 5,28,459 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിത്തുടങ്ങിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും രോഗമുക്തി നേടിയവരുടെ എണ്ണവും തമ്മിലുളള വ്യത്യാസം ദിനംപ്രതി കുറഞ്ഞ് വരികയാണ്. കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്  മുപ്പത്തിയഞ്ചായിരത്തിലേറെ ആളുകളാണ്. 

അതേസമയം കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് 2.2 ശതമാനമായി കുറഞ്ഞതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഡല്‍ഹി, ഹരിയാന, അസം, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍, കേ്രന്ദഭരണപ്രദേശമായ ലഡാക്ക് എന്നിവിടങ്ങളിലാണ് മികച്ച രോഗമുക്തി രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ 70 ശതമാനമാണ് രോഗമുക്തി നിരക്ക്. 

അതേസമയം മേഘാലയ, സിക്കിം, കര്‍ണാടക, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, കേരളം, മിസോറാം, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രോഗമുക്തി നിരക്കില്‍ പിന്നിലാണ്. അവസാന പത്തിലാണ് ഈ സംസ്ഥാനങ്ങളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

കൂടുതല്‍ പരിശോധന നടത്തുന്നതും, ലോക്ക്ഡൗണ്‍, കണ്ടെയ്ന്‍മെന്റ് നിയന്ത്രണങ്ങള്‍ മികച്ച നിലയില്‍ നടപ്പാക്കുന്നതും, മികച്ച ചികില്‍സ ഉറപ്പാക്കുന്നതുമാണ് കോവിഡ് രോഗമുക്തി നിരക്കിന് കാരണമായിട്ടുള്ളത്. തുടര്‍ച്ചയായ ആറാദം ദിവസമാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം 30,000 കടക്കുന്നതെന്നും ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രാജ്യത്തെ കോവിഡ് 19 പരിശോധനയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.  പത്തുലക്ഷംപേര്‍ക്ക് 12,858 എന്ന തോതിലാണ് ഇന്ത്യയില്‍ പരിശോധന നടക്കുന്നത്. 1316 ലാബുകളും രാജ്യത്തുണ്ട്. 

പത്തുലക്ഷം പേര്‍ രോഗമുക്തി നേടിയെന്നുളളത് വളരെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും നാം പുതിയ കേസുകളുടെ എണ്ണത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കേസുകളിലെ വര്‍ധനവ് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഉയര്‍ന്നതോതിലുളള പരിശോധനകള്‍ക്കൊപ്പം പോസിറ്റീവ് കേസുകള്‍ കുറയുകയും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടര്‍ച്ചയായി കുറയുകയും ചെയ്താല്‍ മാത്രമേ കോവിഡ് 19 വ്യാപനം കുറയുന്നതായി കണക്കാക്കാന്‍ സാധിക്കൂ എന്ന് പബ്ലിക് ഹെല്‍ത്ത് സിസ്റ്റംസ് സപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് ഡോ.പ്രീതി കുമാര്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ